Sorry, you need to enable JavaScript to visit this website.

പി.എസ്.സി ചോദ്യ പേപ്പർ ചോർച്ച പുതിയ കഥയല്ല; 16 വർഷം മുമ്പ്  ചോദ്യം ചോർന്നിട്ട് ഒരു നടപടിയുമില്ല 

കോട്ടയം - പി.എസ്.എസി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുടെ ആദ്യ വിവാദം 16 വർഷങ്ങൾക്കു മുമ്പ് കോട്ടയത്തായിരുന്നു. 2003 ൽ ആർപ്പൂക്കര വില്ലൂന്നി  സ്വദേശികളായ മൂന്നുപേർക്കാണ് ചോദ്യപേപ്പർ ചോർന്നുകിട്ടിയത്. ആർപ്പൂക്കര വില്ലുന്നി കാങ്ങാമറ്റത്തിൽ സന്തോഷ് കുമാറാണ് ചോദ്യപേപ്പർ ചോർച്ച ലോകത്തെ അറിയിച്ചത്. തങ്ങളുടെ കൺമുന്നിൽ പരീക്ഷ എഴുതിയവർക്ക് ചോർന്നുകിട്ടിയ ചോദ്യപേപ്പറിന്റെ കരുത്തിൽ പി.എസ്.സി നിയമനം ലഭിച്ചതോടെ സന്തോഷും കൂട്ടുകാരും പി.എസ്.എസി പരീക്ഷയോട് തന്നെ വിട പറഞ്ഞു. ഇക്കാര്യം പരസ്യമായി തന്നെ ഷിബുവും കൂട്ടുകാരും അറിയിക്കുകയും ചെയ്തതാണ്.
യു.ഡി.എഫ് സർക്കാർ കേരളം ഭരിക്കുമ്പോഴായിരുന്നു സർക്കാർതല റിക്രൂട്ടിംഗ് ഏജൻസിയുടെ വിശ്വാസ്യത ഒന്നാകെ തകർത്ത ചോദ്യപേപ്പർ ചോർച്ച. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിക്കും പോലീസ് അധികൃതർക്കും ലഭിച്ച പരാതിയെ തുടർന്ന് ഇപ്പോഴത്തെ പോലെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. 2004 ജനുവരിയിൽ കോട്ടയത്ത് എത്തിയ സംഘം വിശദമായ മൊഴിയെടുക്കലും നടത്തി.
ആർപ്പൂക്കര, കുമരകം, ചെങ്ങളം, മണിയാപറമ്പ് സ്വദേശികളായ നിരവധി പേർക്ക് അന്ന് ചോദ്യം കിട്ടിയതായി പരാതി ഉയർന്നു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന സൂചന ലഭിച്ചു. ഇതിനിടെ പിഎസ്‌സി പരീക്ഷാ ഫലം വന്നു. ആരോപണ വിധേയരായ അഞ്ചു പേർക്കും ജോലി ലഭിച്ചു. രണ്ടു യുവതികൾ ഉൾപ്പെടെ അഞ്ചു പേരാണ് ജോലിയിൽ കയറിയത്.
പക്ഷേ ക്രൈം ബ്രാഞ്ച് അന്വേഷണത്തോടെ അന്വേഷണം അവസാനിച്ചു. തുടർനടപടി ഒന്നും ഉണ്ടായില്ല. ഇതിനിടെ പി.എസ്.സിയുടെ അന്വേഷണ വിഭാഗവും രംഗത്ത് എത്തിയെങ്കിലും റിപ്പോർട്ട് നൽകിയില്ല. അന്നു പരീക്ഷാ ഫലം വരുന്നതിന് മുമ്പ് മൊഴികൊടുത്ത പലരും പിന്നീട് അത് മാറ്റി. ഫലം വന്നപ്പോൾ റാങ്ക് ലിസ്റ്റിൽ ഇടം തേടിയതാണ് കാരണം. പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷയായ എൽ.ഡി ക്ലാർക്ക് പരീക്ഷയുടെ ചോദ്യക്കടലാസാണ് അന്ന് ചോർന്നത്. 
പി.എസ്.സി ചോദ്യപേപ്പർ ചോർത്തി നൽകുന്ന വലിയ റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നതായി അന്ന് ആരോപണം ഉയർന്നതാണ്. പക്ഷേ തുടരന്വേഷണം നടന്നില്ല. ഇതിനിടെ ചോദ്യ പേപ്പർ ചോർന്നുവെന്ന് പരസ്യപ്പെടുത്തിയവർക്കെതിരെ ഈ റാക്കറ്റ് ഭീഷണി മുഴക്കി. അന്ന് രാഷ്ട്രീയ യുവജന സംഘടനകളൊന്നും തന്നെ രംഗത്ത് വന്നതുമില്ല. കോട്ടയത്തെ ചോദ്യ പേപ്പർ ചോർച്ചയുടെ 16 ാം വാർഷികത്തിലെങ്കിലും സത്യം തെളിയുമോ എന്ന പ്രതീക്ഷയാണ് അന്ന് ജോലി സ്വപ്‌നം അവസാനിപ്പിച്ചവരുടെ മനസ്സിൽ. പ്രഹസനമായ അന്വേഷണവും മൊഴിയെടുപ്പുമാണ് അന്ന് കോട്ടയത്ത് നടന്നത്. കൂടാതെ സംഭവം ഉണ്ടായില്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു രാഷ്ട്രീയ നീക്കവും. അങ്ങനെ വന്നാൽ സർക്കാർ ഏജൻസിയുടെ വിശ്വാസ്യത തകരുമെന്നായിരുന്നു പി.എസ്.സിയുടെ നിലപാട്. ഇതിനോട് ഭരണ നേതൃത്വവും ചേർന്നപ്പോൾ ചോദ്യ പേപ്പർ ചോർച്ച അടഞ്ഞ അധ്യായമായി. പി.എസ്.സി പരീക്ഷാ പേപ്പർ ചോർത്തി പുറത്ത് നൽകുന്ന വലിയ ലോബി അന്നു മുതൽ പ്രവർത്തിച്ചിരുന്നുവെന്നാണ് സൂചന. പക്ഷേ ആ തലത്തിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം പോയില്ല.

 

Latest News