കോഴിക്കോട് - മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് സെപ്റ്റംബർ 5ന് തറക്കല്ലിടും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഫീസ് നിർമാണ പ്രവൃത്തി ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രമുഖർ സംബന്ധിക്കും.
കോഴിക്കോട് ബീച്ച് റോഡിൽ ടാഗോർ ഹാളിന് എതിർവശമാണ് ഓഫീസ് ഉയരുന്നത്. ഇതിനായി വാങ്ങിയ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായി. കോഴിക്കോട് ടാഗോർ ഹാളിൽ 5 ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക. സംസ്ഥാന പ്രസിഡന്റ് മുതൽ നിയോജക മണ്ഡലം ഭാരവാഹി വരെയുള്ളവർക്ക് വ്യക്തിഗത ക്വാട്ട കൊടുത്തും പഞ്ചായത്ത് കമ്മിറ്റികളിൽ നിന്നും നിശ്ചിത തുക ഈടാക്കിയുമാണ് ഇതിനായുള്ള ഫണ്ട് കണ്ടെത്തിയത്. അഭ്യുദയകാംക്ഷികളും കെ.എം.സി.സി കമ്മിറ്റികളും ഇതിനായി സഹായിക്കുകയുണ്ടായി. ഉദ്ഘാടന ചടങ്ങിന് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നേരത്തെ അന്തിമ രൂപം നൽകി. ഓഫീസ് നിർമാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ മുതൽ മുകളിലുള്ളവരും വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ മുതൽ മുകളിലോട്ടുള്ള ക്യാപ്റ്റൻമാരും വൈസ് ക്യാപ്റ്റൻമാരും സംബന്ധിക്കണമെന്ന് നേതാക്കൾ അറിയിച്ചു.