തിരുവനന്തപുരം - സംസ്ഥാനത്തെ പാറ ഖനനം നിർത്തിവെച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ച നടപടി വീണ്ടും ദുരന്തം വിളിച്ചുവരുത്തുന്നതാണെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന തീരുമാനമാണെന്നും ഉടൻ തുരുത്തണമെന്നും ആവശ്യപ്പെട്ട് പാർട്ടികളും സംഘടനകളും രംഗത്ത്.
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്നും പ്രതിഷേധക്കാർ പറയുന്നു. പാറഖനന നിരോധനത്തിനാധാരമായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് നിരോധനം സർക്കാർ പിൻവലിക്കുന്നത്.
ഖനന നിയന്ത്രണം പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരളത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുമ്പോഴാണ് സർക്കാർ ഈ തീരുമാനം എടുക്കുന്നത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ ഉരുൾപൊട്ടലാണ് ഇത്തവണ ഉണ്ടായത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പരിസ്ഥിതിക്ക് നേരെ നടക്കുന്ന രൂക്ഷമായ കയ്യേറ്റമാണ്. അതിൽ പ്രധാന പങ്ക് ക്വാറികൾക്കാണ്. അനുമതി പോലും ഇല്ലാതെ സംസ്ഥാനത്ത് ആയിരക്കണക്കിന് ക്വാറികളാണ് പ്രവർത്തിക്കുന്നത്. ക്വാറികളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി നടക്കുന്ന ജനകീയ സമരങ്ങളെയൊക്കെ ഇടതു സർക്കാർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഇത്ര ഭീകരമായ ദുരന്തം നേരിട്ടിട്ടും ക്വാറികൾ മൂലം പരിസ്ഥിതിക്ക് സംഭവിച്ച ആഘാതങ്ങളെക്കുറിച്ച് ഒരു പഠനവും നടത്താതെ വീണ്ടും ഖനനം ആരംഭിക്കുന്നത് കേരളത്തെ വെല്ലുവിളിക്കലാണ്. പ്രളയ ദുരന്തത്തിൽ നിന്ന് കേരളം കരകയറുന്നതിന് മുമ്പു തന്നെ നിയമം ലംഘിച്ച് നടത്തുന്നതുൾപ്പെടെയുള്ള ക്വാറികൾ പ്രവർത്തിച്ച് തുടങ്ങുന്നത് വലിയ ദുരന്തത്തിന് കാരണമാകും.
ചെറുതും വലുതുമായ അയ്യായിരത്തിലധികം ഉരുൾപൊട്ടലുകളാണ് പശ്ചിമഘട്ട നിരകളിൽ കഴിഞ്ഞ വർഷം ഉണ്ടായത്. അമ്പത് വർഷങ്ങളിലെ ഉരുൾപൊട്ടലിൽ ഉണ്ടായ മരണങ്ങളുടെ അത്ര തന്നെയാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഉണ്ടായത്. കേരളത്തിന്റെ ഭൗമ പ്രത്യേകതകളെക്കുറിച്ച് വലിയ വീണ്ടുവിചാരം നടത്തേണ്ടുന്ന സന്ദർഭത്തിൽ എടുത്ത തെറ്റായ തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നിരവധിയാളുകളുടെ ജീവനെടുത്തതിനെത്തുടർന്ന് ഏർപ്പെടുത്തിയ ഖനന നിരോധനം ധൃതിപിടിച്ച് നീക്കിയതിലൂടെ തങ്ങൾ ഭരിക്കുന്നത് ക്വാറി മാഫിയകളുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് പിണറായി സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് മനുഷ്യ ജീവനേക്കാൾ സർക്കാരിന് പ്രധാനം ക്വാറി മാഫിയകളാണ്. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ പാറ ക്വാറികൾ ഉയർത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധർ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടേയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞർ ഉന്നയിക്കുന്നത് ഖനനം തന്നെയാണ്. സംസ്ഥാനത്ത് 750 ക്വാറികൾ അനുമതിയോടെ പ്രവർത്തിക്കുമ്പോൾ 5924 ക്വാറികൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമവിരുദ്ധ ക്വാറികൾക്കെതിരേ ചെറുവിരലനക്കാൽ ആർജവമില്ലാത്ത സർക്കാരാണ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തി ഖനന നിരോധനം പിൻവലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും തുളസീധരൻ കൂട്ടിച്ചേർത്തു.