മക്ക - വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിൽ മൂവായിരം ചതുരശ്ര മീറ്ററിലേറെ സ്ഥലം കൂട്ടിച്ചേർക്കുന്ന പദ്ധതി നടപ്പാക്കിവരുന്നതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളുന്നതിനു വേണ്ടിയാണിത്. മുറ്റങ്ങളിൽ അംഗശുദ്ധി വരുത്തുന്നതിനുള്ള ഏതാനും സ്ഥലങ്ങൾ പൊളിച്ചുനീക്കി. പകരം മതാഫിൽ ഗോവണികൾക്കു താഴെ അംഗശുദ്ധി വരുത്താനുള്ള സൗകര്യം ഏർപ്പെടുത്തി. കൂടാതെ ടോയ്‌ലറ്റ് കോംപ്ലക്‌സുകളും ഒരുക്കി.
വിശുദ്ധ ഹറമിനകത്തും മുറ്റങ്ങളിലും തീർഥാടകരെ ഉൾക്കൊള്ളുന്നതിനുള്ള ശേഷി ഉയർത്താൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ 85 ശതമാനം നിർമാണ ജോലികളും പൂർത്തിയായി. ഈ മാസാവസാനത്തോടെ പദ്ധതി പൂർത്തിയാകും. ഹറമിന്റെ മുറ്റങ്ങളുടെ വിസ്തീർണം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന റിപ്പോർട്ടുകൾ കൃത്യമല്ല.
ഇരു ഹറമുകളുമായും ബന്ധപ്പെട്ട വാർത്തകളുടെ കൃത്യതയും സത്യാവസ്ഥയും ഉറപ്പു വരുത്തണമെന്നും ഇതിന് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും മാധ്യമങ്ങളോടും സാമൂഹിക മാധ്യമ ഉപയോക്താക്കളോടും ഹറംകാര്യ വകുപ്പ് ആവശ്യപ്പെട്ടു.
വിശ്വാസികളുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യകളോടെ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഫീൽഡ് പഠനങ്ങൾക്കും എൻജിനീയറിംഗ് പ്ലാനുകൾക്കും അനുസൃതമായി വിവിധ വകുപ്പുകൾ സഹകരിച്ചാണ് ഇരു ഹറമുകളിലും വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും ഹറംകാര്യ വകുപ്പ് പറഞ്ഞു.