Sorry, you need to enable JavaScript to visit this website.

ജുബൈലിൽ നവീകരിക്കാത്ത പെട്രോൾ ബങ്കുകൾ അടപ്പിച്ചു

ദമാം - പെട്രോൾ ബങ്ക് നവീകരണ നിയമാവലി പാലിക്കുന്നതിന് നൽകിയ സാവകാശം അവസാനിച്ചതിനെ തുടർന്ന് ജുബൈലിൽ നവീകരണ പദ്ധതി നടപ്പാക്കാത്ത മൂന്നു പെട്രോൾ ബങ്കുകൾ നഗരസഭ ഭാഗികമായി അടപ്പിച്ചു. അബൂഹദ്‌രിയ റോഡിൽ പ്രവർത്തിക്കുന്ന ബങ്കുകൾക്കെതിരെയാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചത്. പെട്രോൾ ബങ്കുകളിലെ 50 ശതമാനത്തോളം പമ്പുകളാണ് അടപ്പിച്ചത്. കൂടാതെ ബങ്കുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും അടപ്പിച്ചതായി ജുബൈൽ ബലദിയ മേധാവി എൻജിനീയർ നായിഫ് അൽദുവൈശ് പറഞ്ഞു. 


മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അംഗീകരിച്ച പെട്രോൾ ബങ്ക് നവീകരണ നിയമാവലി അനുസരിച്ച് നിർമാണ, വൈദ്യുതീകരണ, ആരോഗ്യ, മെക്കാനിക്കൽ, സുരക്ഷാ വ്യവസ്ഥകൾ പെട്രോൾ ബങ്കുകൾ പാലിക്കൽ നിർബന്ധമാണ്.
 ബങ്കുകൾ രൂപകൽപന ചെയ്യുമ്പോൾ വികലാംഗരുടെ ആവശ്യങ്ങളും പ്രത്യേകം പരിഗണിക്കണം. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ടോയ്‌ലറ്റുകളും ലഭ്യമാക്കിയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ നമസ്‌കാര സ്ഥലങ്ങൾ ഒരുക്കലും നിർബന്ധമാണ്. പെട്രോൾ ബങ്കുകളോട് ചേർന്ന മുഴുവൻ സ്ഥാപനങ്ങളിലും സൗകര്യങ്ങളിലും പൊതുശുചിത്വം പാലിക്കുകയും വേണം. നഗരസഭാ പരിശോധകർ കണ്ടെത്തിയ മുഴുവൻ വീഴ്ചകളും പരിഹരിക്കുന്നതു വരെ പെട്രോൾ ബങ്കുകളിൽ റെയ്ഡുകൾ തുടരുമെന്നും എൻജിനീയർ നായിഫ് അൽദുവൈശ് പറഞ്ഞു. 

 

Latest News