റിയാദ്- സർട്ടിഫിക്കറ്റില്ലാത്ത ടെക്‌നീഷ്യൻ പ്രൊഫഷനിലുള്ളവർക്ക് രജിസ്‌ട്രേഷൻ നടത്തി ഇഖാമ പുതുക്കാമെങ്കിലും മൂന്നു മാസത്തിനുള്ളിൽ അവർ പ്രൊഫഷൻ മാറ്റണമെന്നും ഇല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ്. ഇഖാമ പുതുക്കൽ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക അംഗത്വം അനുവദിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞ് മരവിപ്പിക്കുന്നതിന് മുമ്പ് ഇഖാമയിലെ ടെക്‌നീഷ്യൻ പ്രൊഫഷൻ മാറ്റിയിരിക്കണമെന്നും കൗൺസിൽ മുന്നറിയിപ്പുണ്ട്.
എൻജിനീയറിംഗ് മേഖലയിലെ 56 പ്രൊഫഷനുകളിലുള്ളവരുടെ ഇഖാമ പുതുക്കാൻ കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ അംഗീകാരം നേരത്തെ നിർബന്ധമാക്കിയിരുന്നു. കൗൺസിലിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിശ്ചിത ഫീസടച്ചാലാണ് അംഗത്വ നമ്പർ ലഭിക്കുക. ജവാസാത്തുമായി ബന്ധിപ്പിക്കപ്പെട്ട അംഗത്വ നമ്പർ ലഭിക്കുന്നതോടെ ഇഖാമ പുതുക്കാൻ തടസ്സമുണ്ടാവില്ല. ബന്ധപ്പെട്ട സർട്ടിഫിക്കറ്റില്ലാതെ നിരവധി പേർ ടെക്‌നീഷ്യൻ ഇഖാമക്കാരായതിനാലാണ് അവർക്ക് താത്കാലിക രജിസ്‌ട്രേഷന് കൗൺസിൽ സൗകര്യമൊരുക്കിയത്. ജവാസാത്ത് ഫീസും ലെവിയുമെല്ലാം അടച്ച ശേഷം അബ്ശിർ അല്ലെങ്കിൽ മുഖീം സിസ്റ്റം വഴി ഇഖാമ പുതുക്കാൻ ശ്രമിക്കുമ്പോഴാണ് എൻജിനീയറിംഗ് കൗൺസിൽ അംഗത്വമില്ലാത്തതിനാൽ പുതുക്കാൻ സാധിക്കില്ലെന്ന് ഈ പ്രൊഫഷനിലുള്ളവർക്ക് സന്ദേശമെത്തുന്നത്. ഇഖാമ അവസാനിക്കുന്നതിന്റെ അവസാന ഘട്ടങ്ങളിലാണ് പലരും പുതുക്കാനുള്ള നടപടികളിലേക്ക് നീങ്ങുന്നത്. കൗൺസിൽ അംഗത്വം നേടാനായില്ലെങ്കിൽ അവരുടെ ഇഖാമ പുതുക്കാനുമാകില്ല. ഈയൊരു പ്രതിസന്ധിക്ക് പരിഹാരമാണ് താത്കാലിക അംഗത്വ പദ്ധതി. ആശ്രിതർക്ക് വിസയും സന്ദർശന വിസയും ലഭിക്കുന്നതിന് നേരത്തെ ടെക്‌നീഷ്യൻ പ്രൊഫഷനുകൾ തെരഞ്ഞെടുത്ത വിദേശികളാണ് പുതിയ വ്യവസ്ഥയിൽ അങ്കലാപ്പിലായിരിക്കുന്നത്. പ്രൊഫഷൻ മാറ്റ സമയത്തോ വിസയടിക്കുന്ന സമയത്തോ ഇതുവരെ ഈ പ്രൊഫഷനുകൾക്ക് സർട്ടിഫിക്കറ്റുകൾ ചോദിച്ചിരുന്നുമില്ല. പുതിയ നിബന്ധന പ്രാബല്യത്തിലായതോടെ സർട്ടിഫിക്കറ്റില്ലാത്ത ടെക്‌നീഷ്യൻ ഇഖാമയുള്ളവർ ആയിരം റിയാൽ ഫീസടച്ച് പ്രൊഫഷൻ മാറുന്നതിന്് നിർബന്ധിതരായിരിക്കുകയാണ്. കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിക്കാത്തവരും പ്രൊഫഷൻ മാറ്റുന്നതായിരിക്കും ഉചിതം. ഇല്ലെങ്കിൽ കൗൺസിലിന്റെ നേതൃത്വത്തിൽ നിയമ നടപടികൾക്ക് വിധേയരാക്കപ്പെട്ടേക്കാം. ജവാസാത്തുമായി ലിങ്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രത്യേകിച്ചും.
രജിസ്റ്റർ ചെയ്യേണ്ട വിധം:
ഇ-മെയിലും മൊബൈൽ നമ്പറും ഉപയോഗിച്ചാണ് കൗൺസിൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. ലോഗിൻ ചെയ്ത് ഇഖാമയുടെ വിവരങ്ങൾ, വ്യക്തിവിവരങ്ങൾ, അംഗത്വ കാലാവധി എന്നിവ നൽകിയ ശേഷം സാങ്കേതിക പരിജ്ഞാനത്തിന്റെ വിശദാംശങ്ങൾ ചോദിക്കും. സർട്ടിഫിക്കറ്റില്ലാത്തവർ ഈ ഭാഗത്ത് ഇല്ല എന്നാണ് സെലക്ട് ചെയ്യേണ്ടത്. ഇഖാമ പുതുക്കുന്നതിന് താത്കാലികമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാമെന്നും മൂന്നു മാസത്തിനുള്ളിൽ പ്രൊഫഷൻ മാറ്റേണ്ടി വരുമെന്നുമുള്ള സന്ദേശം ഉടൻ സ്‌ക്രീനിൽ തെളിയും. തുടർന്ന് ഇഖാമ, പാസ്‌പോർട്ട് കോപ്പികൾ, കമ്പനിയുടെ എക്‌സ്പീരിയൻസ് ലെറ്റർ, എൻജിനീയറിംഗ് കൗൺസിലിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഒപ്പുവെച്ച ഓതറൈസേഷൻ ലെറ്റർ എന്നിവ അറ്റാച്ച് ചെയ്യണം. രജിസ്‌ട്രേഷൻ ഫീസ് 500 റിയാലും ഒരു വർഷത്തേക്കുള്ള അംഗത്വ ഫീസ് 200 ഉം അടക്കം 700 റിയാൽ ഓൺലൈൻ വഴി അടക്കണം. ഈ പണം തിരിച്ചു ലഭിക്കില്ല. ഫീസടക്കുന്നതോടെ തന്നെ രജിസ്റ്റർ ചെയ്ത മൊബൈലിൽ അംഗത്വ നമ്പർ ലഭിക്കും. ഇതോടെ ഇഖാമ പുതുക്കാവുന്നതാണ്.
സർട്ടിഫിക്കറ്റുള്ളവർക്ക് അവരുടെ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റിന്റെ കോപ്പിയും രജിസ്‌ട്രേഷനോടൊപ്പം അറ്റാച്ച് ചെയ്യേണ്ടതുണ്ട്. ഫീസ് അടച്ച ശേഷം നേരത്തെ അറ്റാച്ച് ചെയ്ത രേഖകൾ കൗൺസിൽ പരിശോധിക്കും. രേഖകളും വ്യക്തിവിവരങ്ങളും സ്വീകാര്യമായാൽ അംഗത്വ ഫീസായ 200 റിയാൽ അടക്കുന്നതിനുള്ള സന്ദേശമെത്തും. ശേഷം ഈ അംഗത്വ നമ്പർ ഉപയോഗിച്ച് ഇഖാമ പുതുക്കാവുന്നതാണ്. അതിന് ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും അതിന്റെ കൃത്യത കൗൺസിൽ ഉറപ്പു വരുത്തുകയും ചെയ്യും. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കൗൺസിലിന്റെ മെമ്പർഷിപ്പ് കാർഡിനൊപ്പം തിരിച്ചു ലഭിക്കും.
കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ
അംഗീകാരം നിർബന്ധമുള്ള പ്രൊഫഷനുകൾ
ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, ഇലക്ട്രോണിക് ഡ്രാഫ്റ്റ്‌സ്മാൻ, ഇലക്ട്രിക്കൽ ഡിസൈൻ ഡ്രാഫ്റ്റ്‌സ്മാൻ, പവർപ്ലാന്റ് ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, പവര്‍സ്റ്റേഷൻ ഓപ്പറേഷൻസ് മെയിന്റനൻസ് ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ ഓപറേഷൻസ് മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ലൈൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ഗ്രൗണ്ട് കേബിൾ ടെക്‌നീഷ്യൻ, കസ്റ്റമർ സർവീസ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ എക്സ്റ്റൻഷൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ മെഷീൻ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ പ്രിസിഷ്യൻ എക്യുപ്‌മെന്റ് ടെക്‌നീഷ്യൻ, ജനറൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ജനറൽ ടെലികോം ടെക്‌നീഷ്യൻ, സമുദ്രജല ശുദ്ധീകരണ ശാലകളിലെ ഫയർ അലാറം ടെക്‌നീഷ്യൻ, എയർ പ്ലെയിൻ ഇലക്ട്രിക്കൽ മോട്ടോർ ജനറേറ്റർ ടെക്‌നീഷ്യൻ, കമ്യൂണിക്കേഷൻ ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻ, മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നീഷ്യൻ, ടി.വി ഇലക്ട്രോണിക്‌സ് മെയിന്റനൻസ് ടെക്‌നീഷ്യൻ, കൺട്രോൾ എക്യുപ്‌മെന്റ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടി.വി ബ്രോഡ്കാസ്റ്റിംഗ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻ, കംപ്യൂട്ടർ ടെക്‌നീഷ്യൻ, ടെലികോം എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടെലിഫോൺ ടെക്‌നീഷ്യൻ, കാർ ഫോൺ ടെക്‌നീഷ്യൻ എന്നീ 30 ടെക്‌നീഷ്യൻ (ഫന്നി) പ്രൊഫഷനുകൾക്കാണ് മൂന്നു മാസം മുമ്പ് കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ അംഗീകാരം നിർബന്ധമാക്കിയത്. ഇതിന് പുറമെ നേരത്തെ മറ്റു 26 പ്രൊഫഷനുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നു. ഈ 56 പ്രൊഫഷനുകളുടെ വിവരങ്ങൾ കൗൺസിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.