Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ലേഡീസ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലെ ജോലി; അഞ്ച് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു

റിയാദ് - ഷോപ്പിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ലേഡീസ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും വനിതാവൽക്കരണവും സൗദിവൽക്കരണവും നടപ്പാക്കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം അവസാനിപ്പിച്ചു.

തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട അഞ്ചു വ്യവസ്ഥകൾ പ്രഖ്യാപിച്ച് ആശയക്കുഴപ്പം ഇല്ലാതാക്കിയത്. ഇതനുസരിച്ച് വനിതകളുടെ അടിവസ്ത്രങ്ങളും കോസ്‌മെറ്റിക്‌സും വിൽക്കുന്ന സ്ഥാപനങ്ങളിലെയും വിഭാഗങ്ങളിലെയും ജോലി സൗദി വനിതകൾക്കു മാത്രമായി പരിമിതപ്പെടുത്തി. എന്നാൽ ലേഡീസ് അടിവസ്ത്രങ്ങളും കോസ്‌മെറ്റിക്‌സും സെൽഫ് സർവീസ് രീതിയിൽ വിൽക്കുന്ന ഫാർമസികളിലെയും സൂപ്പർ മാർക്കറ്റുകളിലെയും ഹൈപ്പർ മാർക്കറ്റുകളിലെയും ബന്ധപ്പെട്ട വിഭാഗങ്ങളിൽ സൗദി വനിതാ ജീവനക്കാർ നിർബന്ധമല്ല. 


വിവാഹ വസ്ത്രങ്ങൾ, പർദകൾ, ലേഡീസ് വാനിറ്റി ബാഗുകൾ, ലേഡീസ് ആക്‌സസറീസ്, മാതൃപരിചരണ വസ്തുക്കൾ, മാക്‌സികൾ, ലേഡീസ് പാദരക്ഷകൾ, ലേഡീസ് സോക്‌സുകൾ, ലേഡീസ് റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന ഷോപ്പിംഗ് മാളുകളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും മറ്റും സ്ഥാപനങ്ങളിൽ സൗദി പുരുഷന്മാരെയോ വനിതകളെയോ നിയമിക്കാം.

വിദേശി പുരുഷന്മാരെയും വനിതകളെയും ഇത്തരം സ്ഥാപനങ്ങളിൽ ജോലിക്കു വെക്കാൻ പൂർണ വിലക്കുണ്ട്. ലേഡീസ് വസ്ത്രങ്ങൾ, മറ്റു ലേഡീസ് ഉൽപന്നങ്ങൾ, ലേഡീസ് അത്തറുകൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിൽ 70 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. ഈ വിഭാഗം സ്ഥാപനങ്ങളിൽ സൗദി പുരുഷന്മാരെയോ വനിതകളെയോ ജോലിക്കു വെക്കാം.


ഷോപ്പിംഗ് മാളുകളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും കാഷ്യർ അടക്കമുള്ള എല്ലാ തൊഴിലുകൾക്കും നേരത്തെ പ്രഖ്യാപിച്ച സൗദിവൽക്കരണ, വനിതാവൽക്കരണ വ്യവസ്ഥകൾ ബാധകമായിരിക്കും. എന്നാൽ സ്ഥാപനങ്ങളിലെ ക്ലീനിംഗ് ജോലികൾക്കും കയറ്റിറക്ക് ജോലികൾക്കും വിദേശികളെ നിയമിക്കാവുന്നതാണ്. ഉൽപന്നങ്ങൾ സ്റ്റാന്റുകളിൽ ക്രമത്തിൽ അടുക്കിവെക്കുന്ന ജോലികൾ കയറ്റിറക്കു ജോലിയുടെ പരിധിയിൽനിന്ന് ഒഴിവാക്കി.
സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതകൾക്ക് ജോലിക്കിടയിൽ വിശ്രമം അനുവദിക്കണം. വിശ്രമത്തിനും നമസ്‌കാരം നിർവഹിക്കുന്നതിനും സമയം അനുവദിക്കാതെ തുടർച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെ ജോലി ചെയ്യിക്കാൻ പാടില്ല. ഒരു തവണ വിശ്രമത്തിന് നൽകുന്ന സമയം അര മണിക്കൂറിൽ കുറവാകരുത്. വിശ്രമ സമയത്ത് തൊഴിൽ സ്ഥലത്ത് തുടരാൻ വനിതാ ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

Latest News