കൽപറ്റ -മേപ്പാടി പച്ചക്കാട് ഉരുൾപൊട്ടലിനെത്തുടർന്നു പുത്തുമലയിൽ കാണാതായവരെ കണ്ടെത്താൻ പ്രത്യേക സംഘം. ദേശീയ ദുരന്ത നിവാരണ, പോലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, വനം സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും അടങ്ങുന്നതാണ് പ്രത്യേക സംഘം. സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ അതിദുർഘട പ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. പ്രദേശവാസികളുടെ സഹായവും ലഭിക്കുന്നുണ്ട്. പുത്തുമലയിൽനിന്നു ഏഴു കിലോമീറ്ററോളം താഴെയാണ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനക്കു നടപടി സ്വീകരിച്ചിട്ടുണ്ട്.
ഹൈദരാബാദിൽനിന്നുള്ള നാഷണൽ ജിയോഗ്രഫിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഗ്രൗണ്ട് പെനിട്രേഷൻ റഡാർ സംവിധാനം പുത്തുമലയിൽ എത്തിച്ചതു തിരിച്ചുകൊണ്ടുപോയി. തിങ്കളാഴ്ച പുത്തുമല ഭാഗത്ത് റഡാർ സംവിധാനം ഉപയോഗിച്ച് തെരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. നിലവിൽ തെരച്ചിൽ നടക്കുന്ന സ്ഥലത്തു റഡാർ സംവിധാനം പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പുത്തുമലയിൽ ഇനി അഞ്ചു പേരെയാണ് കണ്ടെത്താനുള്ളത്.
ഉരുൾപൊട്ടിയ പ്രദേശങ്ങൾ വാസയോഗ്യമാണോ എന്നു പരിശോധിക്കുന്നതിനു ദുരന്ത നിവാരണ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ഇന്നു വയനാട്ടിൽ എത്തും. ഒരാഴ്ചക്കുള്ളിൽ പരിശോധന റിപ്പോർട്ട് സമർപ്പിക്കും. രണ്ടു പേരടങ്ങുന്ന 10 സംഘങ്ങളാണ് ജില്ലയിൽ എത്തുന്നത്. ഓരോ സംഘത്തിലും ജിയോളജിസ്റ്റും മണ്ണു സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്റെ സേവനം സംഘത്തിനു ലഭിക്കും.
ഉരുൾപൊട്ടിയ പ്രദേശങ്ങളിൽനിന്നു മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസം വേഗത്തിലാക്കുകയാണ് പരിശോധനയുടെ മുഖ്യ ലക്ഷ്യം. പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിർദേശം സംഘം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകും. സംസ്ഥാനത്താകെ 49 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.