മക്ക - ഹജ് പൂർത്തിയാവുകയും പുണ്യസ്ഥലങ്ങൾ വിജനമാവുകയും ചെയ്തതോടെ ഇവിടെനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും ശുചീകരണ ജോലികൾക്കും വളണ്ടിയർമാരും രംഗത്ത്. മക്ക നഗരസഭയുടെ മേൽനോട്ടത്തിലാണ് വനിതകൾ അടക്കം 150 ലേറെ വളണ്ടിയർമാർ പുണ്യസ്ഥലങ്ങളിൽ ശുചീകരണ ദൗത്യം നിർവഹിക്കുന്നത്. ആദ്യമായാണ് ഹജിനു ശേഷം പുണ്യസ്ഥലങ്ങൾ ശുചീകരിക്കുന്നതിൽ വളണ്ടിയർമാർ പങ്കാളിത്തം വഹിക്കുന്നത്.
സമൂഹത്തിൽ സന്നദ്ധ പ്രവർത്തന സംസ്‌കാരം വ്യാപകമാക്കുന്നതിനും വളണ്ടിയർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുണ്യസ്ഥലങ്ങളിലെ ശുചീകരണ ജോലികൾക്ക് മക്കയിലെ 'സുഖ്‌യ അൽഅതാ' വളണ്ടിയർ സംഘം കർമ രംഗത്തിറങ്ങിയത്. പുണ്യസ്ഥലങ്ങളുടെ ശുചീകരണത്തിന് വളണ്ടിയർ സംഘം വലിയ ശ്രമങ്ങൾ നടത്തിയതായി 'സുഖ്‌യ അൽഅതാ' വളണ്ടിയർ സംഘം മീഡിയ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബീർ ശഫ്‌ലോത്ത് പറഞ്ഞു. മിനായിലും അറഫയിലും മുസ്ദലിഫയിലും ഹജ് തീർഥാടകർ ഉപേക്ഷിച്ച മാലിന്യങ്ങൾ ശേഖരിക്കുകയാണ് വളണ്ടിയർമാർ ചെയ്യുന്നത്.