Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ മിസൈൽ സംഭരണ കേന്ദ്രങ്ങളിൽ സഖ്യസേനയുടെ ആക്രമണം

റിയാദ് - ഹൂത്തി മിലീഷ്യകൾ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ, ആയുധ സംഭരണ കേന്ദ്രങ്ങളാക്കി മാറ്റിയ ഏതാനും ഗുഹകൾ സഖ്യസേന ആക്രമണത്തിലൂടെ തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. തിങ്കളാഴ്ച രാത്രി 10.56 ന് ആണ് ഹൂത്തികളുടെ ആയുധപ്പുരകൾക്കു നേരെ സഖ്യസേന ആക്രമണങ്ങൾ നടത്തിയത്. സൻആയിലെ അൽഅമദ് ക്യാമ്പിലും ഫജ് അതാനിലുമാണ് ഹൂത്തികളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. സാധാരണക്കാരെ ബാധിക്കാതെ നോക്കുന്നതിന് എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചാണ് ഗുഹകൾക്കു നേരെ സഖ്യസേന ആക്രമണങ്ങൾ നടത്തിയത്. യെമനകത്തും അയൽ രാജ്യങ്ങളിലും സാധാരണക്കാരുടെ ജീവന് ഭീഷണിയായ ഹൂത്തികളുടെ ആയുധ ശേഷി നശിപ്പിക്കുന്നതിന് ശക്തമായ ആക്രമണങ്ങൾ തുടരുമെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.  
 

Latest News