നിലമ്പൂര്‍- ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ കുടുംബത്തിലെ കുട്ടി മരിച്ചു. ചുങ്കത്തറ കൈപ്പിനി അമ്പലപൊയില്‍ സ്വദേശി ഗിരീഷിന്റെ മകന്‍ ആദര്‍ശ് (10) ആണ് മരിച്ചത്. വീട് വൃത്തിയാക്കിയ ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. കൈപ്പിനി അമ്പലപൊയില്‍ ദുരിതാശ്വാസ കയാമ്പിലായിരുന്ന ആദര്‍ശിന്റെ കുടുംബം തിങ്കളാഴ്ചയാണ് വീട്ടില്‍ മടങ്ങി എത്തയത്. വീട് വൃത്തിയാക്കി രാത്രി 10 മണിയോടെ ഉറങ്ങാന്‍ കിടന്ന കുട്ടി കഠിനമായ തലവേദനയുണ്ടെന്ന് പറഞ്ഞിരുന്നു.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേദന കടുത്തതോടെ കുട്ടിയെ മാതാപിതാക്കള്‍ നിലമ്പൂര്‍ ജില്ലാശുപത്രിയിലെത്തിച്ചു. കൈപ്പിനി പാലം തകര്‍ന്നതിനാല്‍ പൂക്കോട്ടുമണ്ണ വഴിയാണ് ആശുപത്രിയിലെത്തിച്ചത്. രണ്ടര കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ എത്തേണ്ട സ്ഥാനത്ത് 12 കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. പാമ്പ് കടിയേറ്റതായി സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം,സമയത്ത് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചുങ്കത്തറ വിശ്വഭാരതി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്.