തിരുവനന്തപുരം- മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കൂടെ ഉണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നു മാസത്തേക്ക് സസ്‌പെന്‍ഷന്‍. തുടര്‍ച്ചയായ ഗതാഗത നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കേസില്‍ രണ്ടാം പ്രതിയാണ് വാഹന ഉടമയായ വഫ ഫിറോസ്.
ഒന്നാംപ്രതി ശ്രീറാമിന്റെ ലൈസന്‍സ് തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യത്തിലായിരുന്നു നടപടി.
ശ്രീറാം അലക്ഷ്യമായും അശ്രദ്ധയോടെയും അപകടമാംവിധത്തിലും കാര്‍ ഓടിച്ചതുമൂലം മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ ബൈക്കിനു പിന്നില്‍ ഇടിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തതെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.