എടക്കര- സഹപാഠികളുടെ വേർപാടിൽ കണ്ണീരണിഞ്ഞു ക്ലാസ് മുറികൾ. തേങ്ങലടയ്ക്കാൻ കഴിയാതെ കൂട്ടുകാരികൾ പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ച, പ്രയപ്പെട്ട ശിഷ്യർ നഷ്ടപ്പെട്ട വേദന അധ്യാപകരുടെ മുഖത്തും. പ്രളയ ദുരന്തത്തെത്തുടർന്ന് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ തുറന്ന പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കാഴ്ചകളായിരുന്നു ഇത്.
സ്‌കൂൾ ഒന്നടങ്കം പ്രിയ വിദ്യാർഥികളുടെ വേർപാടിൽ ദുഃഖാർത്തരാണ്. കവളപ്പാറ ദുരന്തം സ്‌കൂളിലെ ആറു വിദ്യാർഥികളെയാണ് കവർന്നെടുത്തത്. ഇതിൽ രണ്ടു പേരുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. മറ്റു നാലു വിദ്യാർഥികളുടെ മൃതദേഹം പോലും ഇതുവരെ കണ്ടെടുക്കാനായില്ല. പത്താം തരം ഇ ഡിവിഷനിൽ പഠനം നടത്തിയിരുന്ന പള്ളത്ത് ശിവന്റെ മകൾ ശ്രീലക്ഷ്മി, ഒമ്പത് ഇ ഡിവിഷനിൽ പഠനം നടത്തിയിരുന്ന കവളപ്പാറ ഗോപിയുടെ മകൾ പ്രജിഷ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. പത്ത് സിയിലെ പൂളയ്ക്കൽ ബാലന്റെ മകൻ കാർത്തിക്, സഹോദരൻ ഏഴ് ജിയിലെ കമൽ, പള്ളത്ത് പാലന്റെ മക്കളായ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർഥിനി സുനിത, ഒമ്പത് ഇയിലെ ശ്രീലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ഉറ്റ സുഹൃത്തുക്കളുടെ വേർപാട് സഹപാഠികളെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഒമ്പത് ഇ യിലെ ശ്രീലക്ഷ്മിയുടെ ഉറ്റ സ്‌നേഹിതകളായ ദേവിക, ഷിഫാന, ശരണ്യ, നവ്യ എന്നിവർക്ക് സങ്കടം അടക്കാനാകുന്നില്ല. ഒരേ ബെഞ്ചിലിരുന്ന് പഠനം നടത്തിയിരുന്ന ഈ കൂട്ടുകാരികൾക്ക് പഠനവും ഉച്ചഭക്ഷണവും എല്ലാം ഒന്നിച്ചായിരുന്നു. ശ്രീലക്ഷ്മിയുടെ ചേച്ചി സുനിതയുമായും നല്ല അടുപ്പമായിരുന്നു ഈ കൂട്ടുകാരികൾക്ക്. ഇരുവരും ഒരുമിച്ചാണ് വീട്ടിൽനിന്ന് നടന്ന് സ്‌കൂളിലേക്ക് വന്നിരുന്നത്. ക്ലാസിലെ എല്ലാവരുടെയും നല്ല കൂട്ടുകാരിയായിരുന്നു ശ്രീലക്ഷ്മി.
പത്ത് ഇയിലെ ശ്രീലക്ഷ്മിയുടെ വേർപാട് കൂട്ടുകാരികളായ ഹർഷ, സാന്ദ്ര, ധന്യ എന്നിവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. തേങ്ങലടക്കാൻ ഇവർ പാടുപെടുന്നു. എല്ലാത്തിനും മിടുക്കിയായിരുന്നു തങ്ങളുടെ കൂട്ടുകാരി എന്നിവർ പറയുന്നു. ക്ലാസ് അധ്യാപകൻ വർഗീസ് സാറിനും ശ്രീലക്ഷ്മിയെക്കുറിച്ച് നല്ല അഭിപ്രായം. പഠനത്തിൽ മിടുക്കിയായ അനുസരണയുള്ള വിദ്യാർഥിയായിരുന്നു ശ്രീലക്ഷ്മി. ഓണപ്പരീക്ഷക്ക് തയാറെടുക്കുന്നതിനിടയിലാണ് ദുരന്തം പ്രിയ ശിഷ്യയെ കവർന്നെടുത്തത്. പ്രിയ കൂട്ടുകാരുടെ ചേതനയറ്റ ശരീരങ്ങൾ പോലും കാണാൻ തങ്ങൾക്കായില്ലെന്ന സങ്കടവും എല്ലാവർക്കുമുണ്ട്.