കോഴിക്കോട് - മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ മർദനത്തെ തുടർന്നു രണ്ടാം വർഷ വിദ്യാർഥിയുടെ കർണപുടം തകർന്നു. പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ മേനാടൻ പൊയിൽ മുരളീധരന്റെ മകൻ അഭിഷ്ണവിനാണ് (19) മർദനത്തിൽ പരിക്കേറ്റത്.
ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളേജിൽ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയായ അഭിഷ്ണവിന് കോളേജിനകത്ത് വെച്ചാണ് മൂന്നാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുന്നത്. പരിക്കേറ്റതിനെ തുടർന്നു പയ്യോളി പെരുമാൾപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിയുടെ വലത് ചെവിയുടെ കർണപുടമാണ് തകർന്നത്. പയ്യോളി പോലീസിൽ പരാതി നൽകി.