Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഞ്ചേശ്വരത്ത് ചർച്ചിനു നേരെ ആക്രമണം അഴിച്ചുവിട്ട് സംഘർഷത്തിന് നീക്കം

മണൽ കടത്തുകാരുടെ കല്ലേറിൽ തകർന്ന മഞ്ചേശ്വരം ബീച്ച് ചർച്ച്. 
ആക്രമണത്തിൽ പരിക്കേറ്റ റീത്ത ഡിസൂസ.


കാസർകോട് - മഞ്ചേശ്വരം അഞ്ചര കടപ്പുറത്ത് അനധികൃത മണൽ കടത്തിനെതിരായി നടന്ന ജനകീയ പ്രതിരോധത്തിനു പിന്നാലെ വ്യാപകമായ സംഘർഷത്തിന് നീക്കം. മഞ്ചേശ്വരം ബീച്ചിലെ കാരുണ്യമാതാ ചർച്ചിന് നേരെ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബൈക്കിലെത്തിയ അജ്ഞാതർ ആക്രമണം നടത്തി. കല്ലേറിൽ ചർച്ചിന്റെ മുൻഭാഗത്തെ ഗ്ലാസുകൾ തകർന്നു. മുഖംമറച്ചെത്തിയ സംഘം കല്ലെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. 
മണൽ കടത്തിനെതിരായി പ്രതികരിച്ച വീട്ടമ്മയ്ക്ക് നേരെ ഞായറാഴ്ച പട്ടാപ്പകൽ വീടുകയറി ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചർച്ചിന് നേരെയും ആക്രമണം നടന്നത്. ഇത് സംഘർഷം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നു. സാരമായി പരിക്കേറ്റ ഒറ്റക്കൈയിലെ ഫെലിക്സ് ഡിസൂസയുടെ ഭാര്യ റീത്ത(55) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചർച്ചിലെ ക്യാമറ ദൃശ്യങ്ങളിൽ കല്ലേറ് നടത്തുമ്പോൾ പുറത്ത് കൂടുതൽ ആളുകൾ നിൽക്കുന്നതിന്റെ സൂചനകളുമുണ്ട്. ഇതിൽ ഒരാളിന്റെ കയ്യിൽ ഒരു നീണ്ട വാൾ ഉള്ളതായും കാണുന്നുണ്ട്. പുലർച്ചെ പള്ളിയിലെത്തിയപ്പോഴാണ് മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നതായി കണ്ടതെന്ന് വികാരി ഫാ.വിൻസന്റ് വിനോദ് സൽദാന പറഞ്ഞു. സംഭവമറിഞ്ഞതോടെ നൂറുകണക്കിന് വിശ്വാസികൾ പള്ളിയിലെത്തി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സമീപവാസികളായ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി റീത്തയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. റീത്തയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഫെലിക്സിനും മർദനമേറ്റു. 
കല്ലും ഇന്റർലോക്ക് കട്ടകളും കൊണ്ടുള്ള ഇടിയേറ്റ് റീത്തയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റു. ഇവരുടെ നാല് പല്ലുകൾ കൊഴിഞ്ഞു. രണ്ടു പേരും ചേർന്ന് അക്രമികളെ പുറത്താക്കി വാതിലടച്ചപ്പോൾ പുറത്തുനിന്ന് വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചര കടപ്പുറത്തെ നൗഫൽ എന്ന മുഹമ്മദ് ഇസ്മയിലി(21)നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാലാളുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. അഞ്ചര കടപ്പുറം മുതൽ ചർച്ച് ബീച്ച് വരെയുള്ള ഭാഗത്ത് നാളുകളായി നടക്കുന്ന അനധികൃത മണലെടുപ്പിനെതിരേ കഴിഞ്ഞ ദിവസം പ്രദേശവാസികൾ ജനകീയ പ്രതിരോധം തീർത്തിരുന്നു. ജനങ്ങൾ സംഘടിച്ച് ഒരു മണൽ ലോറി പിടിച്ചെടുത്തത് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഒരു സ്ത്രീയെ മണൽലോറി ഇടിക്കാൻ ശ്രമിക്കുകയും ഒരു വീടിന്റെ ഗേറ്റ് ഇടിച്ചു തകർക്കുകയും ചെയ്ത സംഭവവുമുണ്ടായിരുന്നു. അനധികൃത മണൽ ഖനനം പ്രദേശത്തിന്റെ പരിസ്ഥിതിയെ തന്നെ പാടേ മാറ്റിമറിക്കുന്ന നിലയിലായപ്പോഴാണ് പ്രദേശവാസികൾ ജനകീയ പ്രതിരോധവുമായി രംഗത്തു വന്നതെന്ന് ഫാ.വിൻസന്റ് പറഞ്ഞു. ജനകീയ സമരത്തിന് ഇടവകാംഗങ്ങളുടെ പിന്തുണയും സജീവ പങ്കാളിത്തവുമുണ്ടായിരുന്നു. ഇതാണ് മണൽ മാഫിയയെ പള്ളിക്കെതിരായി തിരിയാൻ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. അനധികൃത മണൽ കടത്തിനെതിരായി ജില്ലാ കലക്ടർക്ക് പരാതി നൽകിയ സംഘത്തിൽ മംഗളൂരു കോടതിയിൽ ശിരസ്തദാറായി വിരമിച്ച ഫെലിക്സ് ഡിസൂസയും ഉൾപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത് റീത്തയായിരുന്നു. ഇതിന്റെ പ്രതികാരമാകാം വീടാക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. 


 

Latest News