Sorry, you need to enable JavaScript to visit this website.

എം.എൽ.എക്ക് മർദനം:  നടപടി പോരെന്ന് സി.പി.ഐ


തിരുവനന്തപുരം - യുവ എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈയൊടിഞ്ഞ പോലീസ് ലാത്തിച്ചാർജിൽ എസ്.ഐയെ മാത്രം സസ്‌പെൻഡ് ചെയ്ത സർക്കാർ തീരുമാനത്തിൽ സി.പി.ഐയിൽ അമർഷം. പ്രശ്‌നക്കാരനായ ഞാറയ്ക്കൽ സി.ഐയെ സസ്‌പെന്റ് ചെയ്യാതെയുള്ള നടപടി അംഗീകരിക്കില്ലെന്നാണ് സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. പ്രശ്‌നം ഒതുക്കിത്തീർക്കാൻ സി.പി.എം ശ്രമം തുടരുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സി.പി.ഐ ജില്ലാ നേതൃത്വം. 
സി.പി.ഐ സംസ്ഥാന ഘടകത്തെ വരുതിയിലാക്കാൻ സി.പി.എമ്മിന് സാധിച്ചെങ്കിലും ജില്ലാ കമ്മിറ്റി ഉറച്ച നിലപാടിൽ തന്നെയാണ്. ഞാറയ്ക്കൽ സി.ഐ മുരളിക്കെതിരെയുള്ള നടപടിയിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിനും ഇല്ലെന്ന് ജില്ലാ ഘടകം സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്.
എം.എൽ.എ എൽദോ എബ്രഹാമിനെതിരായ ലാത്തിച്ചാർജിൽ കൂടുതൽ നടപടി ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന ഘടകം രംഗത്തു വരാൻ നിർബന്ധിതമാക്കിയിരിക്കുകയാണ്. വിഷയത്തിൽ മൃദുസമീപനം കൈക്കൊണ്ടതിന്റെ പേരിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമശമേൽക്കേണ്ടിവന്നു.
സി.പി.ഐക്കിടയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്ന തരത്തിലേക്ക് വിഷയം കൊണ്ടെത്തിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമവും എറണാകുളം ജില്ല കമ്മിറ്റിയുടെ ശക്തമായ ഇടപെടൽ കൊണ്ട് തിരുത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് എം.എൽ.എയുടെ ചെയ്തിക്കെതിരെ പരോക്ഷമായി രംഗത്തു എത്തിച്ചെങ്കിലും സി.പി.എം വിചാരിച്ച ഫലം ലഭിച്ചില്ല. ഒടുവിൽ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ എസ്.ഐക്കെതിരെ നടപടിയെടുത്ത് സി.പി.ഐയുടെ പ്രതിഷേധത്തിന്റെ മൂർച്ച കുറക്കാനുള്ള ശ്രമത്തിനു മുന്നിലും സി.പി.ഐ ജില്ലാ ഘടകം വഴങ്ങിയില്ല. സി.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിൽ ഉറച്ചുതന്നെയാണ് ജില്ലാ കമ്മിറ്റി. വിഷയത്തിൽ മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന നേതൃത്വത്തിനും കത്തു നൽകാൻ സി.പി.ഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. ഇത് ഇന്നു തന്നെ നൽകുമെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ജൂലൈ 18 ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഈ വിഷയമാണ് സി.പി.ഐയിലെ വിഭാഗീയത മറനീക്കി പുറത്തെത്തിക്കുന്നതിനും പിന്നീട് സി.പി.എം-സി.പി.ഐ പോരിലേക്കും നീങ്ങിയത്. വൈപ്പിൻ ഗവ. കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴാണ് പി. രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. അന്ന് അവിടെ ഉണ്ടായിരുന്ന ഞാറയ്ക്കൽ സി.ഐ ഈ പ്രശ്‌നത്തിൽ ഇടപെടാതെ മാറി നിന്നതായി പി. രാജു ആരോപിച്ചിരുന്നു. ഈ സംഭവത്തിൽ ഞാറയ്ക്കൽ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് ലാത്തിച്ചാർജിൽ കലാശിച്ചത്. പ്രശ്‌നങ്ങൾക്കും കാരണക്കാരൻ ഞാറയ്ക്കൽ സി.ഐ ആണെന്നും സി.ഐ മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെയാണ് സി.പി.ഐ ഉറച്ചു നിൽക്കുന്നത്. സി.പി.ഐ മാർച്ചിൽ നേതാക്കൾക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ കൊച്ചി സെൻട്രൽ എസ.്‌ഐക്കെതിരെ നടപടി എടുത്തെങ്കിലും സി.പി.ഐ നേതൃത്വം തൃപ്തരല്ല.

 

Latest News