കൊണ്ടോട്ടി - പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേറിട്ട പ്രവർത്തനങ്ങളുമായി കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകൃത യൂത്ത് എലൈവ് കൂട്ടായ്മ. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന ആയിരത്തിലേറെ പേരുള്ള കൂട്ടായ്മ ഇന്നലെ 38 മണ്ണുമാന്തിയും 50ലേറെ ലോറികളുമായാണ് പ്രളയം നാശം വിതച്ച നിലമ്പൂർ പോത്തുകല്ല് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയത്.
ജെ.സി.ബി അസോസിയേഷ (സി.ഇ.ഒ.എ) ന്റെ സഹകരണത്തോടെ നിരവധി വീടുകളുടെ പരിസരമാണ് ശുചീകരിച്ചത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 100 ൽ ഏറെ പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കുചേർന്നു. പ്രളയ ദിനങ്ങളിൽ വാഴയൂർ, വാഴക്കാട്, വയനാട്, നിലമ്പൂർ, അരീക്കോട് പ്രദേശങ്ങളിൽ കൂട്ടായ്മ സേവന സജ്ജരായിരുന്നു.
50, 100 പേരടങ്ങുന്ന സംഘങ്ങളായി വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്താണ് ഇവരുടെ പ്രവർത്തനം. നിലമ്പൂർ പോത്തുകല്ല് ഭൂദാനം മേഖലയിൽ പെരുന്നാൾ ദിവസം വരെ നൂറോളം പേരെത്തി 10 വീടുകളും ഒരു ചർച്ചും ശുചീകരിച്ച് നൽകിയിരുന്നു. ഇതിനാവശ്യമായ മോട്ടോർ, ജനറേറ്റർ, വാട്ടർ ഗൺ ഉൾപ്പെടെയുള്ള സാമഗ്രികളും ഇവർ തന്നെ സമാഹരിച്ചാണ് സ്ഥലത്തെത്തുന്നത്. ക്യാമ്പുകളിലും മറ്റും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും മറ്റും വിതരണം ചെയ്യുന്നുമുണ്ട്. വയനാട് പനമരം, പരക്കുനി മേഖലയിൽ 30 ൽ ഏറെ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളും വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തു.
കഴിഞ്ഞ പ്രളയ സമയത്താണ് പുളിക്കൽ കേന്ദ്രീകരിച്ച് മിഷൻ ഫഌഡ് യൂത്ത് അലൈവ് എന്ന പേരിൽ 500 പേരടങ്ങുന്ന യുവാക്കളുടെ ഈ സാമൂഹ്യ മാധ്യമ കൂട്ടായ്മ ഉണ്ടാക്കിയത്. പീന്നീട് ഇത് വ്യാപിച്ച് 1300 പേരടങ്ങുന്ന കൂട്ടായ്മയായി മാറി. രാഷ്ട്രീയ, മത സാംസ്‌കാരിക പ്രവർത്തകരാണ് യൂത്ത് എലൈവിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം എറണാകുളം ജില്ലയിലെ പറവൂർ, ആലുവ, കളമശ്ശേരി ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ 200 പേരടങ്ങിയ യൂത്ത് എലൈവ് സംഘം 300 ഓളം വീടുകളും ചരിത്ര പ്രസിദ്ധമായ ആലുവ, കിഴക്കെ കൊടങ്ങല്ലുർ ശ്രീനരസിംഹ സ്വാമി ക്ഷേത്രവും ശുചീകരിച്ച് നൽകിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ അന്വേഷണ സംഘത്തിൽപെട്ട തിരൂരങ്ങാടി എ.എസ്.ഐ സത്യനാഥൻ മനാട്ടും ടി.വി ഇബ്രാഹീം എം.എൽ.എ, കൊണ്ടോട്ടി തഹ സീൽദാർ പി.എസ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖരും കൂട്ടായ്മക്ക് കരുത്തു പകരുന്നുണ്ട്.