കല്‍പറ്റ- മേപ്പാടി പച്ചക്കാട് ഓഗസ്റ്റ് എട്ടിനു വൈകുന്നേരം ഉരുള്‍പൊട്ടി മണ്ണിനടിയിലായ പുത്തുമലയില്‍നിന്നു ഒരു മൃതദേഹംകൂടി കണ്ടെത്തി. മൃതദേഹം ആരുടേതാണെന്നു സ്ഥിരികരിക്കുന്നതിനു ഡി.എന്‍.എ പരിശോധന നടത്തും.
ഏലവയല്‍ ഭാഗത്തു പാറകള്‍ക്കടിയില്‍നിന്നു ഉച്ചയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെത്തിയത്. സെന്റില്‍റോക്ക് എസ്റ്റേറ്റ് പുത്തുമല ഡിവിഷന്‍ തൊഴിലാളി അണ്ണയ്യന്റെ (54) മൃതദേഹമാണെന്നായിരുന്നു രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും അനുമാനം. മൃതദേഹം അണ്ണയ്യന്റേതാണെന്നു മകന്‍ സുനില്‍കുമാര്‍ തിരിച്ചറിയുകയുമുണ്ടായി. പോലീസ് നടപടികള്‍ക്കുശേഷം മേപ്പാടി ഹിന്ദു ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതാകാന്‍ (26) സാധ്യതയുണ്ടെന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്നു മൃതദേഹം ശ്മശാനത്തില്‍നിന്നു പുറത്തെടുത്തു പരിശോധനക്കു അയക്കുകയായിരുന്നു. പുത്തുമലയില്‍നിന്നു ഇതിനകം 11 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറു പേരെ കണ്ടെത്താനുണ്ട്.