ദുബായ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എ.ഇ, ബഹ്റൈന്‍ സന്ദര്‍ശനം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 23, 24 തീയതികളില്‍ യു.എ.ഇയും 24, 25 തീയതികളില്‍ ബഹ്‌റൈനും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയുടെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനാണ് യു.എ.ഇയിലെത്തുക. ബഹ്‌റൈനില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാമത്തെ തവണയാകും അദ്ദേഹം യു.എ.ഇ സന്ദര്‍ശിക്കുന്നത്. ബഹ്‌റൈനില്‍ ആദ്യത്തേതും.
ഈ വര്‍ഷം ഏപ്രിലിലാണ് മോഡിക്ക് സായിദ് മെഡല്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചത്. സായിദ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മോഡി.