Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംഘബോധത്തിന്റെ കരുത്തറിയിച്ച്  ശുചീകരണ മഹായജ്ഞം

കൽപറ്റയിൽ ശുചീകരണ യജ്ഞം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

കൽപറ്റ-പ്രകൃതി ദുരന്തങ്ങളെ നേരിടുന്ന വയനാട്ടിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ശുചീകരണ മഹായജ്ഞത്തിൽ പ്രകടമായത് സംഘ ബോധത്തിന്റെ കരുത്ത്. 
51,932 കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ 1,13,447 പേരാണ് ജില്ലയിലാകെ ഒരേ സമയം നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.  രാഷ്ട്രീയ-മത സംഘടനകളെ പ്രതിനിധാനം ചെയ്ത് 10,841 ഉം  സന്നദ്ധ സംഘടനകളിൽനിന്നുള്ള 7440 ഉം ഓൺലൈൻ രജിസ്‌ട്രേഷൻ വഴി 31,234 ഉം എൻ.എസ്.എസ്, എൻ. സി.സി, എസ്.പി.സി വിഭാഗങ്ങളിൽനിന്നായി 12,000 ഉം പേർ ശുചീകരണത്തിനെത്തി. 
രാവിലെ ഒമ്പതിനു കലക്ടറേറ്റ് പരിസരത്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കലക്ടർ എ.ആർ. അജയകുമാർ, എ.ഡി.എം കെ.അജീഷ് തുടങ്ങിയവർ പങ്കെടുത്തു. പനമരത്ത് ഒ.ആർ. കേളു എം.എൽ.എ നേതൃത്വം നൽകി.
പഞ്ചായത്തുകളിൽ വാർഡുകൾ  കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. വീടുകളും പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും കടകളുമെല്ലാം സന്നദ്ധ പ്രവർത്തകർ കഴുകിത്തുടച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്‌കൂളുകൾ വൃത്തിയാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണത്തിന് ജനപ്രതിനിധികൾ നേതൃത്വം നൽകി. കോളനികളുടെയും പരിസരങ്ങളുടെയും ശുചീകരണത്തിന് മുന്തിയ പരിഗണന നൽകി. 
കിണറുകളും കുടിവെള്ള സ്രോതസ്സുകളും  ശുചീകരിക്കാൻ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രംഗത്തുണ്ടായിരുന്നു. ശുചീകരണത്തിൽ പങ്കെടുത്തവർക്ക് എലിപ്പനി പ്രതിരോധ ഗുളിക,  ഗംബൂട്ട്, കയ്യുറ, മാസ്‌ക് തുടങ്ങിയവ നൽകി. ഭക്ഷണ വിതരണത്തിൽ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ പങ്കാളിയായി. വിവിധയിടങ്ങളിൽനിന്നു ശേഖരിച്ച ഇലക്‌ട്രോണിക് വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ പഞ്ചായത്ത് എം.സി.എഫുകളിലാണ് സംഭരിച്ചത്. ഇവ മാലിന്യ സംസ്‌കരണ ഏജൻസികൾക്ക് കൈമാറും. വീടുകളിലെ വയറിംഗ് തകരാറുകൾ പരിശോധിച്ച് പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ വിദഗ്ധ സംഘവും രംഗത്തുണ്ടായിരുന്നു. 

 

Latest News