കാസർകോട്- കല്യാണത്തിനായി കരുതിവെച്ചിരുന്ന പൊന്നും പണവും കർണാടകയെ മുക്കിയ പ്രളയം അപഹരിച്ചെങ്കിലും നിശ്ചയിച്ച പെണ്ണിനെ വിവാഹം ചെയ്യുന്ന തീരുമാനത്തിൽനിന്ന് യുവാവ് പിറകോട്ട് പോയില്ല. വീടും പരിസരവും വെള്ളത്തിൽ മുങ്ങിയിട്ടും ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന വധുവിനെ വിളിച്ചു കൊണ്ടുവന്ന് നിശ്ചയിച്ച തീയതിക്ക് തന്നെ താലി ചാർത്തി മാതൃകയാവുകയായിരുന്നു കാസർകോട് കുറ്റിക്കോൽ സ്വദേശി അസ്‌കർ എന്ന യുവാവ്. കർണാടകയിലെ കുടകിനടുത്ത കൊണ്ടങ്കേരിയിലെ ജുവൈരിയ എന്ന പെൺകുട്ടിയെയാണ് പ്രളയ ദുരിതത്തിനിടയിലും അസ്‌കർ മിന്നുകെട്ടിയത്. സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കുടക് കൊണ്ടങ്കേരിയിലെ മറ്റൊരു വീട്ടിൽ വെച്ചായിരുന്നു വിവാഹം. വെള്ളപ്പൊക്കത്തിൽ ജുവൈരിയയുടെ വീട് മുങ്ങുകയും സ്വർണവും പണവും വസ്തുക്കളും എല്ലാം നഷ്ടപ്പെടുകയും ചെയ്തു. വിവാഹത്തിന് ഒരുക്കിയ മണിയറ അടക്കം ഒലിച്ചുപോയി. വിവാഹം നടത്താനും സ്ഥലമില്ലാതായി. മിന്നുകെട്ടിന്റെ ദിവസം അടുത്തപ്പോഴും വധു നാട്ടിലെ ദുരിതാശ്വാസ കേന്ദ്രത്തിലായിരുന്നു.
കുറ്റിക്കോൽ പുളുവഞ്ചി സ്വദേശിയായ അസ്‌കർ വിവാഹത്തിനായി സൗദി അറേബ്യയിൽനിന്നും നാട്ടിലെത്തിയതായിരുന്നു. സ്വപ്‌നങ്ങളെല്ലാം പ്രളയം തളർത്തിയെങ്കിലും മനസ്സ് തളർന്നില്ല. ഉറപ്പിച്ച പെൺകുട്ടിയെ തന്നെ അസ്‌കർ കെട്ടി. പെണ്ണിനെ മാത്രം മതി, കൂടുതലായി ഒന്നും വേണ്ടെന്ന നിലപാട് യുവാവ് എടുത്തതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. വധുവിന് അണിയാനുള്ള കുറച്ചു ആഭരണങ്ങളും വസ്ത്രങ്ങളും നാട്ടുകാരും സംഘടനകളും വാങ്ങി നൽകി.