കണ്ണൂര്‍- കണ്ണൂര്‍ സിറ്റി വെത്തിലപ്പള്ളിയിലെ കട്ട റഊഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പിടിയില്‍. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം മൂന്നായി. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സിറ്റി കൊല്ലറക്കപ്പള്ളി ആമീസില്‍ സി. ഫൈസല്‍ (46), ഡിവിഷന്‍ സെക്രട്ടറി കണ്ണൂര്‍ സ്പിന്നിംഗ് മില്ലിനു സമീപത്തെ കുറുക്കന്റവിട ജാസിര്‍ (39) എന്നിവരെയാണ് സിറ്റി പോലീസ് അറസ്റ്റു ചെയ്തത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിറ്റി കുറുവയിലെ സഫ മന്‍സിലില്‍ ഹസ്രത്ത് നിസാമുദ്ദീനെ (24) നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ രണ്ട് പേരും കൊലപാതക ഗൂഢാലോചനയിലും പ്രതികള്‍ക്ക് സഹായം നല്‍കുന്നതിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. നിസാമുദ്ദീന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്.
കഴിഞ്ഞ മാസം 29 ന് രാത്രിയാണ് ആദികടലായി ബീച്ച് റോഡിനു സമീപം വെച്ച് കട്ട റഊഫിനെ (28) വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിറ്റിയിലെ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റഊഫ്. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.