മലപ്പുറം- ഉരുൾപൊട്ടലുണ്ടായി നിരവധി പേർ മണ്ണിനടിയിലായ പോത്തുകൽ കവളപ്പാറയിൽനിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 42 ആയി. സ്ഥലത്ത് ജി.പി.ആർ സംവിധാനം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.
മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് റഡാർ ഉപയോഗിച്ചാണ് തെരച്ചിൽ. ഹൈദരാബാദ് നാഷനൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘമാണ് റഡാർ സംവിധാനമുപയോഗിച്ച് തെരച്ചിൽ നടത്തുന്നത്. ഭൂമിക്കടിയിൽ 20 മീറ്റർ വരെ താഴ്ചയിൽനിന്ന് സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുന്ന ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജി.പി.ആർ) സംവിധാനമാണ് കവളപ്പാറയിൽ ഉപയോഗിക്കുന്നത്.
യന്ത്ര സംവിധാനങ്ങളുമായി ഹൈദരാബാദിൽ നിന്നുള്ള സംഘം ഇന്നലെ വൈകിട്ട് മലപ്പുറത്തെത്തി. രണ്ട് ശാസ്ത്രജ്ഞൻമാരും ഒരു ടെക്‌നിക്കൽ അസിസ്റ്റന്റും മൂന്ന് ഗവേഷകരുമാണ് സംഘത്തിലുള്ളത്. വിമാന മാർഗം ഇന്നലെ വൈകിട്ട് കരിപ്പൂരിലെത്തിയ സംഘം ഇന്ന് തെരച്ചിലിനിറങ്ങും. പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ആനന്ദ് കെ. പാണ്ഡെ, രത്‌നാകർ ദാക്‌തെ, ടെക്‌നിക്കൽ അസിസ്റ്റന്റ് ദിനേശ് കെ. സഹദേവൻ, സീനിയർ റിസർച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച്ച് ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് റഡാർ ഉപകരണങ്ങളാണ് ഇവരുടെ കൈയിലുള്ളത്. കൺട്രോൾ യൂനിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.
കഴിഞ്ഞ ഒരാഴ്ചയായി കവളപ്പാറയിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിവരുന്ന തെരച്ചിലിൽ എല്ലാ മൃതദേഹങ്ങളും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് റഡാർ സംവിധാനമുപയോഗിച്ചുള്ള തെരച്ചിലിന് അധികൃതർ വഴി തേടിയത്. ഇന്നലെ വരെ നാൽപത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും ഒമ്പത് പേരെ കൂടി കണ്ടെത്താനുണ്ട്.