ദമാം - സ്‌പോൺസർക്കും കുടുംബാംഗങ്ങൾക്കും നൽകിയ ഭക്ഷണ, പാനീയങ്ങളിൽ മൂത്രം കലർത്തിയ ഫിലിപ്പിനോ വേലക്കാരിക്ക് കൂടുതൽ കടുത്ത ശിക്ഷ ലഭിക്കും. യുവതിയെ അൽഹസ കോടതി അടുത്തിടെ എട്ടു മാസം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ ഇവർക്ക് 200 ചാട്ടയടി നൽകുന്നതിനും വിധിയുണ്ട്. മൂത്രം കലർത്തിയ സലാഡും ചായയും കഴിച്ചതിന്റെ ഫലമായി സൗദി പൗരന്റെ ഭാര്യക്ക് കരൾരോഗം ബാധിച്ചതും ചികിത്സക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതും കണക്കിലെടുത്ത് വേലക്കാരിക്ക് കൂടുതൽ കടുത്ത ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ പ്രവിശ്യ അപ്പീൽ കോടതി കേസ് ഫയൽ പുനർവിചാരണക്കായി അൽഹസ കോടതിയിലേക്കു തന്നെ തിരിച്ചയച്ചു.
വേലക്കാരി മൂത്രം സൂക്ഷിച്ച കുപ്പി, റെഫ്രിജറേറ്ററിൽ ഒളിപ്പിച്ചു വെച്ച നിലയിൽ സൗദി വനിത കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ വീട്ടുകാർക്ക് നൽകുന്ന ഭക്ഷണ, പാനീയങ്ങളിൽ യുവതി മൂത്രം കലർത്തിയിരുന്നതായി തെളിഞ്ഞു. കുടുംബാംഗങ്ങളിൽ നിന്നുള്ള മോശം പെരുമാറ്റം മൂലമാണ് താൻ ഭക്ഷണ, പാനീയങ്ങളിൽ മൂത്രം കലർത്തിയിരുന്നതെന്ന് കോടതിയിൽ യുവതി കുറ്റസമ്മതം നടത്തിയിരുന്നു.
സമാനമായ മറ്റൊരു കേസിൽ വേറൊരു ഫിലിപ്പിനോ വേലക്കാരിയെ ദമാം ക്രിമിനൽ കോടതി അടുത്തിടെ ശിക്ഷിച്ചിരുന്നു. വീട്ടുകാർക്ക് നൽകിയ ഭക്ഷണത്തിൽ മൂത്രം കലർത്തിയ ഈ വേലക്കാരിക്ക് ഒന്നര വർഷം തടവും 300 ചാട്ടയടിയുമാണ് കോടതി വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം വേലക്കാരിയെ നാടുകടത്തുന്നതിനും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും ദമാം ക്രിമിനൽ കോടതി വിധിച്ചിരുന്നു.