തലശ്ശേരി- മാനസിക പീഡനത്തെ തുടർന്ന് ഭർതൃമതിയായ യുവതി വീടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കിയെന്ന പരാതിയിലെ കേസന്വേഷണം തലശ്ശേരി ടൗൺ പോലീസിൽ നിന്നും ഡിവൈ.എസ്.പി ഏറ്റെടുത്തു. ഖത്തറിൽ നിന്നും ഭർത്താവ് നാട്ടിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇരുപത്തിമൂന്നുകാരിയായ ഫിദയെ വാടക വീട്ടിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് ഇകഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. നിട്ടൂർ ചിറമ്മലിലെ കുന്നുമ്മൽക്കണ്ടി വീട്ടിൽ അഷ്‌റഫിന്റെയും നാസിനിയുടെയും മകളാണ് ഫിദ. കോടിയേരി പപ്പന്റെ പീടികക്കടുത്ത് പുഷ്പമംഗലം എന്ന വാടക വീട്ടിലാണ് ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും പീഡനങ്ങളെ പറ്റി നാല് പേജോളം വരുന്ന കത്തെഴുതി ഫിദ ജീവിതം അവസാനിപ്പിച്ചത്. ജീവനൊടുക്കും മുമ്പേ യുവതി ഭർത്താവിനും ഭർത്താവ് തിരികെയും അയച്ച സന്ദേശങ്ങൾ ഫിദയുടെ ബന്ധുക്കൾ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തു പൊലീസിന് കൈമാറിയിരുന്നു. തട്ടമൊന്നും ധരിക്കാതെ മോഡേണായി ജീവിക്കണം. നിന്നെ എനിക്ക് ഇഷ്ടമല്ല തുടങ്ങി വെറുപ്പിന്റെ വാക്കുകളായിരുന്നു ഭരത്താവിന്റേത്. എന്നാൽ എന്നെ ഉപേഷിക്കരുതെന്ന് കേണപേഷിക്കുന്നതായിരുന്നു ഫിദയുടെ മറുപടി. ഇത്തരത്തിൽ ആയിരത്തിലേറെ സന്ദേശങ്ങൾ ഫോണിലുണ്ടത്രേ. മരിക്കാനുറച്ച തീരുമാനം കൈകൊള്ളുന്നതിന് മുമ്പ് ഫിദ സ്വന്തം സഹോദരിക്കും മൊബൈലിൽ സന്ദേശമയച്ചിരുന്നു. ജീവിച്ചു കൊതി തീർന്നിട്ടില്ല എന്ന വേദനകളായിരുന്നു ഉള്ളടക്കം. ഈ സന്ദേശമയച്ച് മണിക്കൂറിനുള്ളിൽ യുവതി ജീവനൊടുക്കി. സാമ്പത്തികമായി ഏറെ ഉയരത്തിലുള്ള മാടപ്പീടിക ബൈത്തുൽ ഭയാനിലെ ഗൾഫ്കാരനായ സഹീറിന്റെ ഭാര്യയാണ് ഫിദ. ഇടത്തരം കുടുംബത്തിലെ അംഗമായ യുവതി ബിരുദാനന്തരബിരുദധാരിയാണ്. നിയമ പഠനവും പൂർത്തിയാക്കിയിരുന്നു. വിവാഹ ശേഷം ഭർതൃവീട്ടിലെ പീഡനം സഹിക്കാനാവാതെ ഒരിക്കൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഫിദ ആത്മഹത്യ കേസന്വേഷണ ഭാഗമായി ഭർത്താവിനെയും ഭർതൃവിട്ടുകാരെയും ചോദ്യം ചെയ്യാൻ പോലീസ് ഒന്നിലേറെ തവണ ഇവരുടെ മാടപിടികയിലെ വീട്ടിൽ പോയിരുന്നെങ്കിലും കണ്ടെത്താനായില്ല. വീട് പൂട്ടി മുങ്ങിയെന്നാണ് സൂചനകൾ