തിരുവനന്തപുരം- സിറാജ് പത്രത്തിന്റെ തിരുവനന്തപുരം മേധാവി കെ.എം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ പോലീസ് കള്ളക്കളി കളിക്കുന്നുവെന്ന് പത്രം മാനേജ്‌മെന്റ്. പോലീസ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സിറാജ് മാനേജർ സെയ്ഫുദ്ദീൻ ഹാജി വ്യക്തമാക്കി. പോലീസ് റിപ്പോർട്ട് തയാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നും സ്വന്തം വീഴ്ചകളെ വെള്ളപൂശാനാണു പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഷീറിന്റെ ഫോൺ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ഫോൺ നഷ്ടമായതിന് ഒരു മണിക്കൂർ ശേഷം അത് ആരോ ഉപയോഗിച്ചുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സെയ്ഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ബഷീറിന്റെ മരണത്തിൽ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. മൊഴി നൽകാൻ വൈകിയത് കാരണം കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാൻ തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്ന് പറഞ്ഞുവെന്നുമാണ് പോലീസ് വിശദീകരണം. പിന്നീട് സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ മരണ കാരണമായത് തലക്കേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
തലക്കേറ്റ പരുക്കും ഇടിയുടെ ആഘാതവുമാണ് ബഷീറിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ അമിതവേഗതയിൽ വന്ന് ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 30 ലേറെ പരുക്കുകൾ പറ്റിയതായാണ് പോസ്റ്റ്‌മോർട്ടം റി പ്പോർട്ടിൽ പരാമർശിക്കുന്നത്. തലക്കു പുറമേ ഇടിയുടെ ആഘാതത്തിൽ ശരീരത്തിൽ പറ്റിയ സാരമായ ചതവുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇടിയുടെ ആഘാത ത്തിൽ ഹെൽമെറ്റ് തെറിച്ചു പോയിരിക്കാമെന്നും ഇതാണ് തലക്ക് ഏറ്റ ഗുരുതര പരു ക്കിന് കാരണമെന്നുമാണ് പ്രത്യേക അന്വഷണ സംഘത്തിന്റെ നിഗമനം. ഇതിനിടെ അപകടത്തിൽപെട്ട വാഹനത്തിന്റെ വേഗം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ആർ.ടി.ഒക്ക് കത്ത് നൽകി. അപകടത്തിനിടയാക്കി യ വഫയുടെ പേരിലുള്ള കാർ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും മോട്ടോർ വാഹന വകുപ്പിന് കത്തു നൽകിയത്. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് വാഹനം പഴുതുകളടച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മോട്ടോർ വാഹന വകു പ്പിന്റെ സേവനം ആവശ്യപ്പെട്ടിട്ടുള്ളത്.
അപകടത്തിന് ദൃക്‌സാക്ഷികളായവരിൽ രണ്ടു പേരുടെ രഹസ്യമൊഴി ഈ ആഴ്ച രേഖപ്പെടുത്തും. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് കോടതി യിൽ അനുമതി തേടിയിരുന്നു. ബാക്കി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോടതി തിങ്കളാഴ്ച സമയം നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവിൽ ബെൻസൺ, ജോബി, ഷെഫീഖ്, മണിക്കുട്ടൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചിരുന്നതായി മൊഴി നൽകിയിരുന്നത്. ഇതു കൂടാതെ ഇടിച്ച കാർ പരിശോധനക്കായി പൂനെയിൽ നിന്ന് ഫോക്‌സ് വാഗണിലെ വിദഗ്ധ സംഘം തിങ്കളാഴ്ച എത്തി കാർ പരിശോധിക്കും. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തി ൽ പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാൻഡ് ബ്രേക്ക് ഇപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ വിദഗ്ധ സംഘം പരിശോധന വിഷയമാക്കും. മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലുള്ള കാർ പരിശോധനക്ക് വിട്ടു കിട്ടുന്നതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഫോക്‌സ് വാഗണിന്റെ തിരുവനന്തപുരത്തുള്ള ഷോറൂമിലെത്തിച്ചായിരിക്കും പരിശോധന നടത്തുന്നത്.