നിലമ്പൂര്‍- ക്യാമ്പ് മാറ്റിയത് കവളപ്പാറയിലെയും സമീപപ്രദേശങ്ങളിലെയും ദുരിതബാധിതര്‍ക്ക് ഇരട്ടി ദുരിതമായി. കൂടുതല്‍ പേര്‍ ക്യാമ്പിലെത്തിയതോടെ ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് ഭൂതാനം സെന്റ് മേരീസ് പള്ളിയിലെ ക്യാംപില്‍ കഴിയുന്നവര്‍ പറഞ്ഞു. 400 പേര്‍ കഴിഞ്ഞിരുന്ന ക്യാമ്പിലേക്ക് പൂളപ്പാടം മദ്രസ ക്യാമ്പില്‍ താമസിച്ചിരുന്ന 264 പേര്‍ മാറ്റിപ്പാര്‍പ്പിച്ചതാണ് ദുരിതമായത്.
പൂളപ്പാടം ക്യാമ്പില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോയതോടെയാണ് ബാക്കിയുള്ളവരെ ഭൂതാനം പള്ളിയിലേക്ക് മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. എല്ലാവര്‍ക്കും കഴിയാനുള്ള സൗകര്യമുണ്ടാകുമെന്നാണ് കരുതിയത്. ക്യാമ്പില്‍ ഇത്രയും പേര്‍ക്ക് കിടന്നുറങ്ങാന്‍ സൗകര്യമില്ലെന്നറിഞ്ഞിട്ടും വില്ലേജ് ഓഫീസര്‍ തങ്ങളോട് കാട്ടിയത് ക്രൂരതയാണെന്ന് ദുരിതബാധിതര്‍ കുറ്റപ്പെടുത്തി. പള്ളിയിലെ ഹാളിലും ഒന്നാം നിലയിലുമാണ് ദുരിതബാധിതര്‍ കഴിയുന്നത്. ഇരുനൂറോളം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തില്‍ 416 ദുരിതബാധിതരാണ് കഴിഞ്ഞുവന്നിരുന്നത്. ഇവിടേക്കാണ് 264 അംഗങ്ങളെ കൂടി മാറ്റിപ്പാര്‍പ്പിച്ചത്. 100 പേര്‍ക്ക് തികച്ച് കഴിയാനാവാത്ത ചാപ്പല്‍ ഹാളില്‍ മൂന്നൂറിലേറെ സ്ത്രീകള്‍ ഞെങ്ങിഞെരുങ്ങി നേരം വെളുപ്പിക്കുകയായിരുന്നു. തൊട്ടടുത്ത് സര്‍ക്കാര്‍ സ്‌കൂള്‍ ഉണ്ടായിട്ടും അവിടെ സൗകര്യമൊരുക്കാതെ ദുരിതബാധിതരെ പള്ളി ക്യാമ്പിലേക്ക് മാറ്റിയത് വിമര്‍ശനത്തിനു കാരണമായി.