കല്‍പറ്റ- പുത്തുമലയിലെ ദുരിതബാധിതരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആലോചനകള്‍ തുടങ്ങി. പുത്തുമലയില്‍ താമസം അസാധ്യമായ പശ്ചാത്തലത്തില്‍ സമീപപ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തി 87 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് ശ്രമം. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ നൂറ് ദിവസങ്ങള്‍ക്കകംതന്നെ വീട് നിര്‍മിച്ചുനല്‍കാമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ തങ്ങളെ വേര്‍പിരിക്കരുതെന്നും 87 കുടുംബങ്ങള്‍ക്കും ഒരുമിച്ച് താമസിക്കാന്‍ കഴിയുന്ന സ്ഥലം കണ്ടെത്തണമെന്നാണ് ദുരതിബാധിതരുടെ ആവശ്യം.
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏതു രീതിയില്‍ വേണമെന്ന അന്വേഷണങ്ങളുമായി മേപ്പാടിയിലെ ക്യാമ്പുകളിലെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനോടും മറ്റ് ജനപ്രതിനിധികളോടും എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഇതേ കാര്യമാണ്. പുത്തുമലയില്‍ താമസം അസാധ്യമായ പശ്ചാത്തലത്തില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ത്തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് നീക്കം. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി വിവിധാവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനം. തോട്ടംമേഖലയില്‍ തന്നെ സ്ഥലം കണ്ടെത്തിയാല്‍ പുത്തുമലക്കാര്‍ക്കും സൗകര്യമാകും. ഈ പശ്ചാത്തലത്തില്‍ തോട്ടംഭൂമി വീടുനിര്‍മാണത്തിന് ഉപയോഗിക്കാവുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പുത്തുമലയിലെ ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനൊപ്പം ക്ഷേത്രവും പള്ളിയും നിര്‍മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും റവന്യൂ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.