മലപ്പുറം- നിലമ്പൂരിലെ കവളപ്പാറയിലും വയനാട് മേപ്പാടിയിലെ പുത്തുമലയിലും മണ്ണിനടിയില്‍പ്പെട്ട ശേഷിക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കവളപ്പാറയിലെ തിരിച്ചലിനായി ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധസംഘമെത്തിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ ആനന്ദ് കെ. പാണ്ഡെ, രത്‌നാകര്‍ ദാക്തെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ. സഹദേവന്‍, സീനിയര്‍ റിസര്‍ച്ച്് ഫെലോ ജോണ്ടി ഗൊഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ടുസെറ്റ് ജി.പി.ആര്‍. (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപകരണം സംഘത്തിന്റെ കൈയിലുണ്ട്.
ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍നിന്ന് വരെയുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.
പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസവും തുടരുകയാണ്. ഏഴു പേരെയാണ് ഇവിടെ ഇനി കണ്ടെത്താനുള്ളത്.
ബന്ധുക്കള്‍ നല്‍കിയ വിവരവും സാങ്കേതികവിദഗ്ധരുടെ സഹായവും തേടി സമഗ്രഭൂപടം തയ്യാറാക്കിയാണ് ഇപ്പോള്‍ തിരച്ചില്‍. ജി.പി.ആര്‍. നാളെ പുത്തുമലയിലെത്തിക്കും. എന്‍.ഡി.ആര്‍.എഫ്., പോലീസ്, ഫയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധപ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്.