ജിദ്ദ- ഹജ് കർമം കഴിഞ്ഞ് ഇന്ത്യയിലേക്കുള്ള തീർഥാടകരുടെ മടക്ക യാത്ര ആരംഭിച്ചു. ജിദ്ദയിൽനിന്ന് ഇന്നലെ 13 വിമാനങ്ങളിലായി 3540 ഹാജിമാർ കേരളം ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിലേക്കു മടങ്ങി. ആദ്യ വിമാനം രാവിലെ 8.45 ന് ഗയയിലേക്കായിരുന്നു. 150 തീർഥാടകരുമായി എയർ ഇന്ത്യ വിമാനമാണ് ആദ്യം പറന്നുയർന്നത്. രണ്ടാമത്തെ വിമാനവും ഗയയിലേക്കായിരുന്നു.
300 ഹാജിമാരുമായി കേരളത്തിലേക്കുള്ള സൗദി എയർലൈൻസിന്റെ ആദ്യ വിമാനം രാത്രി 10.45 നാണ് കരിപ്പൂരിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ 7.20 ന് ഈ വിമാനം കരിപ്പൂരിലെത്തും. ദൽഹിയിലേക്ക് അഞ്ച് വിമാനങ്ങളിലായി ഇന്നലെ 1870 ഹാജിമാർ മടങ്ങി. ഇന്ന് കേരളത്തിലേക്ക് നാലു സർവീസുകളുണ്ട്. ജിദ്ദയിൽനിന്നു മടങ്ങുന്ന ഹാജിമാരെല്ലാം ഹജിനു മുൻപ് മദീന സന്ദർശനം പൂർത്തിയാക്കിയിരുന്നു. ഹജിനു ശേഷമുള്ള മദീന സന്ദർശനം നാളെ ആരംഭിക്കും.
മദീനയിൽനിന്നുളള ആദ്യ വിമാനം ഈ മാസം 28 ന് ലഖ്‌നൗവിലേക്കാണ്. ജിദ്ദയിൽനിന്നുള്ള മടക്ക സർവീസുകൾ സെപ്റ്റംബർ രണ്ടു വരെയും മദീനയിൽനിന്നുള്ള സർവീസുകൾ 15 വരെയും തുടരും.