തിരുവനന്തപുരം - അനധികൃത റിക്രൂട്ട്‌മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ തുടങ്ങിയവ വർധിച്ചു വരുന്ന സാഹചര്യത്തിൽ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക വകുപ്പും ചേർന്ന് ഓഗസ്റ്റ് 29,30 തീയതികളിൽ തിരുവനന്തപുരത്ത് സ്റ്റേക് ഹോൾഡേഴ്‌സ് മീറ്റിംഗ്' സംഘടിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ്, നോർക്ക വകുപ്പ്, ആഭ്യന്തര വകുപ്പ,് എഫ്.ആർ.ആർ.ഒ, തിരുവനന്തപുരം റീജനൽ പാസ്‌പോർട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. വിദേശ ജോലിക്കായി അപേക്ഷിച്ച് വഞ്ചിതരായവർക്കും ചൂഷണത്തിനിരയായവർക്കും പരാതികൾ അവതരിപ്പിക്കുവാനും നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്താനുള്ള അവസരം ലഭിക്കും. ഇത്തരത്തിൽ പരാതികൾ നൽകാൻ താൽപര്യമുള്ളവർ തിരുവനന്തപുരത്തെ വിദേശകാര്യ വകുപ്പിന്റെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ ഓഫീസിൽ ഓഗസ്റ്റ് 26 ന് മുമ്പ് ഫോൺ/ഇ-മെയിൽ മുഖാന്തരം അറിയിക്കാവുന്നതാണ്. ഫോൺ.0471-2336625. ഇ-മെയിൽ: [email protected]