മങ്കട - പ്രളയ ദുരിത ബാധിതർക്ക് സൗജന്യമായി വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് ടെക്സ്റ്റയിൽസ് തുറക്കാനൊരുങ്ങി ടീം വെൽഫെയർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെൽഫെയർ പാർട്ടി പ്രവർത്തകർ ശേഖരിച്ചതും കലക്ഷൻ സെന്ററുകളിൽ ഉദാരമതികൾ എത്തിച്ചതുമായ വസ്ത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് വസ്ത്രശാല ആരംഭിക്കുന്നത്. ഓഗസ്റ്റ് 18 ഞായറാഴ്ച എടക്കര പഴയ ബസ് സ്റ്റാന്റിൽ ആരംഭിക്കുന്ന ടെക്സ്റ്റയിൽസ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.
പ്രളയ ബാധിത മേഖലയിൽ ടീം വെൽഫെയർ നടത്തിയ സർവേയിൽ കണ്ടെത്തിയ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾക്കുള്ള കൂപ്പണുകൾ വിതരണം ചെയ്തു. ഈ കൂപ്പണുമായി വരുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങൾ സൗജന്യമായി എടുക്കാവുന്നതാണ്. ക്യാമ്പുകളിൽ വിതരണം ചെയ്യുമ്പോൾ പാകത്തിനുള്ള വസ്ത്രങ്ങൾ ലഭിക്കാതെ വരുന്നതിനുള്ള പരിഹാരമായാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചത്. ടെക്സ്റ്റയിൽസിൽ വന്ന് തങ്ങളുടെ അഭിരുചിക്കനുസരിച്ചു പാകത്തിലുള്ള വസ്ത്രങ്ങൾ എടുക്കാൻ കഴിയുമെന്ന് ടീം വെൽഫെയർ മലപ്പുറം ജില്ലാ കൺവീനർ ആരിഫ് ചുണ്ടയിൽ പറഞ്ഞു.
വസ്ത്രങ്ങൾക്കൊപ്പം പരിമിതമായ തോതിൽ അവശ്യ സാധനങ്ങളും ഇവിടെ വിതരണത്തിന് എത്തിച്ചിട്ടുണ്ട്.