റിയാദ്- സൗദി ദേശീയ എണ്ണകമ്പനിയായ അരാംകോ എണ്ണകമ്പനിക്ക് കീഴിലെ വാതക സംവിധാനത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായതായി സൗദി ഊർജ്ജ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. എന്നാൽ, ആക്രമണത്തിൽ ആളപായമോ സൗദി എണ്ണ സംവിധാനങ്ങളിൽ നാശ നഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. ശൈബ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തിന് നേരെ രാവിലെ നടന്ന ആക്രമണത്തിൽ സൗദി അരാംകോ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെന്നു കമ്പനി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് അരാംകോ വൃത്തങ്ങൾ അറിയിച്ചു.