കണ്ണൂർ - കണ്ണൂർ കോർപ്പറേഷനിൽ സി.പി.എം ഭരണ സമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് യു.ഡി.എഫിന് വോട്ടു ചെയ്തതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. ഡപ്യൂട്ടി മേയറായി പി.കെ രാഗേഷ് തുടരുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷൻ പാച്ചേനി വ്യക്തമാക്കി. കെ.സുധാകരൻ എം.പി കഴിഞ്ഞദിവസം പി.കെ.രാഗേഷുമായി ചർച്ച നടത്തിയിരുന്നു. സുധാകരന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു ചർച്ച.
കഴിഞ്ഞാഴ്ചയാണ് ഇടതു ഭരണ സമിതിക്കെതിരെ ഐക്യ മുന്നണി നേതാക്കൾ അവിശ്വാസ നോട്ടീസ് നൽകിയത്. 27 അംഗങ്ങൾ വീതമാണ് ഇരുമുന്നണികൾക്കുമുള്ളത്. പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് കോർപ്പറേഷൻ ഇടതു മുന്നണി ഭരിച്ചിരുന്നത്. ഇടതു മുന്നണി അംഗമായ കൃഷ്ണ ദാസ് മരണപ്പെട്ടിരുന്നു. വോട്ടെടുപ്പിൽ നിന്നും രാഗേഷ് വിട്ടു നിന്നാലും ഐക്യ ജനാധിപത്യ മുന്നണി വിജയിക്കുമായിരുന്നു. കോർപ്പറേഷൻ കാലവധി അവസാനിക്കാൻ ഏതാണ്ട് ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. ആദ്യത്തെ ആറുമാസം കോൺഗ്രസ്സും പിന്നീട് മുസ്‌ലിം ലീഗും ചെയർ പേഴ്‌സൺ സ്ഥാനത്തെത്തുമെന്നാണ് ധാരണ.