വാണിമേൽ - പഞ്ചായത്തിലെ വിലങ്ങാട് മലയിൽ നാല് പേരുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും ഇടയായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വിലങ്ങാട് ചിറ്റാരി മലയിൽ കരിങ്കൽ ഖനനം ആരംഭിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.അംബുജാക്ഷൻ ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ നടന്ന വിലങ്ങാട് ആലിമൂലയും ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കാൻ വിലങ്ങാട് എത്തിയതായിരുന്നു അദ്ദേഹം. വിവിധ കമ്പനികളുടെ പേരിൽ നൂറുകണക്കിന് ഏക്കർ ഭൂമിയിൽ കരിങ്കൽ ഖനനം നടത്താനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. നാലു പേരുടെ ജീവൻ അപഹരിച്ച ഉരുൾപൊട്ടൽ അധികാരികളുടെ കണ്ണ് തുറപ്പിക്കണം. ചിറ്റാരിയിൽ ഖനനം ആരംഭിച്ചാൽ ഒരു മഹാദുരന്തത്തെയാണ് നാട് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കണമെന്നും ചിറ്റാരി കരിങ്കൽ ഖനനത്തിനെതിരെ ബഹുജന പ്രക്ഷോപം രൂപപ്പെടണമെന്നും സമരത്തിൽ വെൽഫെയർ പാർട്ടി മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിലങ്ങാട് ഉരുൾപൊട്ടലിൽ മരണം സംഭവിച്ചവർക്കും നാശനഷ്ടം സംഭവിച്ചവർക്കും കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവർക്ക് സൗജന്യ ഭൂമിയും വീടും സർക്കാർ ലഭ്യമാക്കണം. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ താമസിക്കുന്ന ആദിവാസികളുൾപ്പെടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ പദ്ധതികളാവിഷ്‌ക്കരിക്കണമെന്നും കെ.അംബുജാക്ഷൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച സംഘം ദുരിതം ബാധിച്ചവരുമായും ക്യാമ്പ് അധികൃതരുമായും സംസാരിച്ചു. പ്രദേശത്ത് സാധ്യമായ മുഴുവൻ സഹായങ്ങളും വെൽഫെയർ പാർട്ടി ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാററിൻകര, സംസഥാന സമിതി അംഗം പി.സി ഭാസ്‌കരൻ, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കളായ ടി.കെ മാധവൻ, മുസ്തഫ പാലാഴി, കളത്തിൽ അബ്ദുൽ ഹമീദ്, പി.കെ ബഷീർ, സി.വി ഹമീദ് ഹാജി, സി.കെ മൊയ്തു മാസ്‌ററർ, കൾച്ചറൽ ഫോറം ഖത്തർ ജനറൽ സെക്രട്ടറിമാരായ സാദിഖ് ചെന്നാടൻ, മുഹമ്മദ് റാഫി, പ്രവാസി ദുബായ് പ്രതിനിധി സാദിഖ് പി.പി, തസ്‌നീം അലി സി.എച്ച് തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.