തിരുവനന്തപുരം - കേരളത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് രൂപീകരിക്കുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ വാഗ്ദാനം മൂന്നാം ചിങ്ങപ്പിറവിയിലും നടപ്പിലായില്ല. സർക്കാർ അധികാരം ഏറ്റെടുത്ത് ആദ്യ ചിങ്ങപ്പിറവിയിൽ ബാങ്ക് രൂപീകരിക്കും എന്നാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ധനമന്ത്രി തോമസ് ഐസക്കും പ്രഖ്യാപിച്ചിരുന്നത്.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ 13 നിബന്ധനകൾ റിസർവ് ബാങ്ക് സർക്കാരിനു നൽകിയിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ലയനവുമായി ബന്ധപ്പെട്ട കേസുകൾ പാടില്ലെന്നത്. എന്നാൽ ജില്ലാ സഹകരണ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് 13 കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൂടാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേയവും പാസാക്കിയില്ല. ത്രിതല സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന സഹകരണ ബാങ്കുകളിൽ സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചാണ് കേരള ബാങ്കിന്റെ രൂപീകരണം. 804 ശാഖകളുടെ ലയനമാണ് നടപ്പിലാക്കേണ്ടത്.
സംസ്ഥാന സഹകരണ ബാങ്കിൽ 6336 കോടിയുടെയും, ജില്ലാ സഹകരണ ബാങ്കുകളിൽ 47,047 കോടിയുടെയും നിക്ഷേപമുണ്ട്. അതിനാൽ സർക്കാരിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കേരളാ ബാങ്ക് നടപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ കേരളാ ബാങ്കിൽ ലയിപ്പിക്കാൻ സാധിക്കില്ലെന്ന് റിസർവ് ബാങ്കിന്റെ നിബന്ധനയിൽ പറയുന്നു. സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ളത് 306 കോടിയിലേറെ രൂപയാണ്. ഈ തുക കിട്ടാക്കടത്തിന്റെ പട്ടികയിൽ ഇടം പിടിച്ചതോടെ ബാങ്ക് നഷ്ടത്തിലാണ്.
കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ലീഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്കിന് കുടിശ്ശിക പാടില്ല. ഇതേതുടർന്ന് പൊതു ഖജനാവിലെ പണമെടുത്ത് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ കടം വീട്ടുകയായിരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോ, മാർക്കറ്റ് ഫെഡ്, റബർമാർക്ക് എന്നീ സഹകരണ ഫെഡറേഷനുകൾ സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള വായ്പാ കുടിശ്ശികയാണ് സർക്കാർ അടച്ചു വീട്ടിയത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 306.75 കോടിയുടെ കടമാണ് സർക്കാർ അടച്ചു തീർക്കുന്നത്. റബ്‌കോ 238 കോടി, റബർ മാർക്കറ്റ് 41 കോടി, മാർക്കറ്റ് ഫെഡ് 27 കോടി എന്നിങ്ങനെ. പക്ഷേ കേരള ബാങ്ക് രൂപീകൃതമായാൽ ഈ തുക സർക്കാരിന് തിരികെ ലഭിക്കില്ലെന്നതാണ് വസ്തുത.
സി.പി.എം ഭരണ സമിതിയുടെ ധൂർത്ത് കാരണമാണ് സഹകരണ ഫെഡറേഷനുകൾ നഷ്ടത്തിലായത്. ഇതിനിടെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് വീടു വെച്ച് നൽകുന്ന പദ്ധതിക്ക് പിരിച്ച തുകയിൽ നിന്നും റബ്‌കോയുടെ തുക അടച്ച് തീർക്കാൻ നീക്കം നടത്തിയിരുന്നു. സഹകരണ രജിസ്ട്രാർ തടസ്സം നിന്നതോടെയാണ് അത് നടക്കാതെ പോയത്.
ലാഭകരമായി പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ, നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയ സമയത്ത് എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതോടെ ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം കോടതി കയറി. ഭരണ സമിതി പിരിച്ചുവിട്ടായിരുന്നു ലയനം നടപ്പാക്കാൻ തീരുമാനിച്ചത്. പൊതുയോഗത്തിൽ അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി പ്രാഥമിക സഹകരണ സംഘങ്ങളെ മാത്രം ഉൾപ്പെടുത്തി ബാക്കിയുള്ള അപ്പെക്‌സ് സംഘങ്ങളെ ഒഴിവാക്കിയായിരുന്നു ലയനം. എന്നാൽ യു.ഡി.എഫ് ഭരണ സമിതിയുള്ള ബാങ്കുകൾ ഹൈക്കോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന് പൊതുയോഗം വിളിച്ചു ചേർത്തു. മലപ്പുറം ഒഴികെയുള്ള ജില്ലാ സഹകരണ ബാങ്കുകൾ ലയന പ്രമേയം പാസാക്കി.
കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തിലായതോടെ ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനവും താളം തെറ്റുകയാണ്. രജിസ്ട്രാർ ഭരണത്തിലായതോടെ നയപരമായ ഒരു തീരുമാനവും നടപ്പിലാക്കാനും സാധിക്കുന്നില്ല. നിക്ഷേപം വരുന്നതിനനുസരിച്ച് വായ്പ നൽകാനും സാധിക്കുന്നില്ല. ഇതിനെതിരെ ഏതെങ്കിലും ഓഹരി ഉടമ കോടതിയെ സമീപിക്കുകയാണെങ്കിൽ കേരള ബാങ്കിനായി ഇതുവരെ നടത്തിയ നടപടിക്രമങ്ങൾ എല്ലാം താളം തെറ്റുകയും ചെയ്യും.