ബംഗളൂരു- ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നശേഷം യുവവ്യവസായി സ്വയം വെടിവെച്ച് മരിച്ചു. ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ട്‌ലുപേട്ടിലാണ് സംഭവം. ഓം പ്രകാശ് (38), ഭാര്യ നിഖിത (30), മകന്‍ ആര്യ കൃഷ്ണ (4), മാതാപിതാക്കളായ നാഗരാജ് ആചാര്യ (65), ഹേമ രാജു (60) എന്നിവരുടെ മൃതദേഹമാണ് ഗുണ്ട്‌ലുപേട്ടിലെ കൃഷിയിടത്തില്‍ കണ്ടെത്തിയത്.
ബിസിനസില്‍ കനത്ത നഷ്ടം വന്നതിനെ തുടര്‍ന്നാണ് യുവാവ് കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കടബാധ്യതയുമുണ്ടായിരുന്നു.
നാലുപേരെയും നെറ്റിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം തോക്ക് സ്വന്തം വായ്ക്കുള്ളിലാക്കി കാഞ്ചിവലിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. മറ്റുള്ളവരുടെ സമ്മതത്തോടെയാണോ കൃത്യം നടത്തിയതെന്നും പോലീസ് സംശയിക്കുന്നു. കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ ലക്ഷണമൊന്നും കാണാനില്ല. അന്വേഷണം തുടരുകയാണെന്ന് ചാമരാജ് പേട്ട് എസ്.പി എച്ച്.ഡി. ആനന്ദകുമാര്‍ പറഞ്ഞു.
മൈസൂരില്‍ നിന്നുള്ള കുടുംബം വ്യാഴാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ഗുണ്ട്‌ലുപേട്ടിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് കുടുംബം സമീപത്തെ കൃഷിയിടത്തിലേക്ക് പോകുകയായിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.