മക്ക- സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ഹജ് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വവര്‍ധന കണക്കിലെടുത്ത് കൂടുതല്‍ കാലികളെ ബലിയര്‍പ്പിക്കാന്‍ സാധിക്കുന്നതിന് പുണ്യസ്ഥലങ്ങളില്‍ പുതിയ കശാപ്പുശാലകള്‍ നിര്‍മിക്കുമെന്ന് ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ 'അദാഹി' അഡൈ്വസര്‍ വലീദ് ഫഖീഹ് വെളിപ്പെടുത്തി.
അമ്പതു ലക്ഷം കാലികളെ ബലിയറുക്കുന്നതിന് ശേഷിയുള്ള കശാപ്പുശാലകള്‍ നിര്‍മിക്കാനാണ് പദ്ധതി. ഈ വര്‍ഷം പുണ്യസ്ഥലങ്ങളിലെ കശാപ്പു ശാലകളുടെ ശേഷി പത്തു ലക്ഷം കാലികളാണ്. ഏറ്റവും ഉയര്‍ന്ന രീതിയില്‍ യന്ത്രവല്‍ക്കരണം പാലിക്കുന്ന പുതിയ കശാപ്പുശാലകള്‍ രൂപകല്‍പന ചെയ്തു വരികയാണ്. ഒമ്പതു മാസത്തിനുള്ളില്‍ പുതിയ കശാപ്പുശാലകളുടെ രൂപകല്‍പന പൂര്‍ത്തിയാകും. ഇതിനു ശേഷം ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കി തുടങ്ങും.
ആദ്യ ഘട്ടത്തില്‍ പുണ്യസ്ഥലങ്ങളിലെ കശാപ്പു ശാലകളുടെ ശേഷി 15 ലക്ഷം കാലികളായാണ് ഉയര്‍ത്തുക. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ പുണ്യസ്ഥലങ്ങളിലെ കശാപ്പുശാലകളുടെ ആകെ ശേഷി 50 ലക്ഷം കാലികളായി ഉയരും. ബലി മൃഗങ്ങളുടെ മുഴുവന്‍ അവശിഷ്ടങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് പുതിയ പദ്ധതി നടപ്പാക്കുക. മാലിന്യങ്ങളും അവശിഷ്ടങ്ങളും പുനരുപയോഗ ഊര്‍ജവും ജൈവ വളവും ഉല്‍പാദിപ്പിക്കുന്നതിന് ഉപയോഗിക്കും.
പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കശാപ്പു ശാലകള്‍ നവീകരിക്കുന്നതിനു പുറമെ പുതിയ കശാപ്പുശാലകള്‍ നിര്‍മിക്കുകയും ചെയ്യും. സാധ്യമായത്ര കൂടുതല്‍ കാലികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ പുതിയ കശാപ്പുശാലകള്‍ നിര്‍മിക്കുകയാണ് ചെയ്യുക. പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്. സൗദി, സ്പാനിഷ് കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് കശാപ്പുശാലകളുടെ രൂപകല്‍പന തയാറാക്കുന്നതിനുള്ള കരാര്‍ നേടിയിരിക്കുന്നത്. നിലവിലെ കശാപ്പു ശാലകളുടെ പ്രവര്‍ത്തനം ഹജ് ദിവസങ്ങളില്‍ സ്പാനിഷ് കമ്പനി അധികൃതര്‍ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തത്തിന്റെ ഭാരം എത്രമാത്രമാണെന്ന് സ്പാനിഷ് കമ്പനി അധികൃതര്‍ നേരിട്ട് മനസ്സിലാക്കണമെന്ന് സൗദി ഗവണ്‍മെന്റ് ആഗ്രഹിച്ചു. പരമാവധി 84 മണിക്കൂറിനകം എല്ലാ ഹാജിമാരുടെയും ബലി കര്‍മം നിര്‍വഹിക്കേണ്ടതുണ്ട്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്നതിന് എത്രയും വേഗം വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനാണ് സൗദി ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതെന്നും വലീദ് ഫഖീഹ് പറഞ്ഞു.