Sorry, you need to enable JavaScript to visit this website.

മനുഷ്യരെ അറിയാന്‍ സേവനം ജീവിത ഭാഗമാക്കുക -കാന്തപുരം

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മിനാ ആര്‍.എസ്.സി വളണ്ടിയര്‍ ക്യാമ്പില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു.

മക്ക- മനുഷ്യരെ പരസ്പരം അറിയാന്‍ അവരിലേക്കിറങ്ങി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിയുകയെന്നും സേവനം ജീവിതത്തിന്റെ ഭാഗമാകണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മിനായിലെ ആര്‍.എസ്.സി ഹജ് വളണ്ടിയര്‍ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കയില്‍ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ വലിയ പുണ്യമുള്ളതാണ്. നാട്ടില്‍ വെള്ളം കയറിയുണ്ടായ ദുരന്തമുഖത്തും മനുഷ്യന്റെ സേവന സന്നദ്ധത അതിമഹത്തരമാണ്. എല്ലാ കാലത്തും എല്ലാ സമയത്തും അപരനെ കാണാനും സഹായിക്കാനുമുള്ള ഒരു മനസ്സ് സൂക്ഷിക്കുകയാണ് വേണ്ടതെന്നും അവിടെ ദിശയോ ദിക്കോ ഭാഷയോ നിറമോ വേഷമോ വിഷയമാകരുതെന്നും അദ്ദേഹം പറഞ്ഞു.

രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികള്‍ക്കിടയില്‍ ഈ സന്ദേശം കൈമാറുന്നതില്‍ വലിയ സന്തോഷമുണ്ട്. പ്രത്യേകിച്ചും മലയാളി സംഘടനകളൊക്കെയും ഈ സേവന ദൗത്യം ഏറ്റെടുത്ത് കാണുമ്പോള്‍ അഭിമാനിക്കാതിരിക്കാന്‍ കഴിയില്ല. നാടിന്റെ നല്ല ഭാവിക്ക് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയുള്ള ഇടപെടല്‍ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും കാന്തപുരം പറഞ്ഞു.

ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഫാറൂഖ് നഈമി കൊല്ലം, സിറാജ് വേങ്ങര, റഷീദ് മാട്ടൂല്‍ എന്നിവര്‍ സംബന്ധിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന് 1200 ലധികം പരിശീലനം സിദ്ധിച്ച പ്രവര്‍ത്തകരാണ് മിനായിലെ മൂന്ന് നാളുകളില്‍ സേവനത്തിനിറങ്ങിയത്. കൂടാതെ മക്കയിലും മറ്റു സന്ദര്‍ശന കേന്ദ്രങ്ങളിലും ഹാജിമാര്‍ വന്നിറങ്ങിയത് മുതല്‍ തിരിച്ച് പോകുന്നത് വരെയുള്ള സേവനങ്ങളും നടക്കുന്നു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ ചെയര്‍മാനും, നൗഫല്‍ ചിറയില്‍ ജുബൈല്‍ കണ്‍വീനറുമായ ആസൂത്രണ സമിതിയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ഹജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഫോട്ടോ:   
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മിനാ ആര്‍.എസ്.സി വളണ്ടിയര്‍ ക്യാമ്പില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു.
 

 

Latest News