ദമാം- സൗദി അറേബ്യയിലെ അബ്‌ഖൈഖില്‍ രണ്ടു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ പതിനഞ്ചോളം ഇന്ത്യക്കാര്‍ ദുരിതത്തില്‍ കഴിയുന്നു. ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ അബ്‌ഖൈഖ് പ്രൊജക്റ്റ് സൈറ്റിലെ തൊഴിലാളികളായ ഇവര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ജോലിയും ശമ്പളവുമില്ല.
കമ്പനിയുടെ സാമ്പത്തിക പരാധീനതയാണ് പ്രധാന കാരണം. നിരവധി തൊഴിലാളികളുടെ ഇഖാമ പോലും പുതുക്കാന്‍ കഴിയാതെ പദ്ധതികള്‍ നിര്‍ത്തി വെക്കുകയായിരുന്നു. അറാംകൊയുടെ സബ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ പൈപ്പ്‌ലൈന്‍ ജോലിക്കാരായ ഇവര്‍ക്ക് ഈ പ്രൊജകറ്റ് നിന്നതോടെ ശമ്പളവും മുടങ്ങി. പ്രശ്‌നത്തിന്റെ തുടക്കത്തില്‍ തന്നെ മറ്റു കമ്പനിയിലേക്ക് മാറി പോകുവാനോ നാട്ടിലേക്കു മടങ്ങാനോ കമ്പനി അധികൃതര്‍ അനുമതി നല്‍കിയതുമില്ല.
ഓരോ ദിവസം കഴിയുംതോറും കുരുക്കുകള്‍ മുറുകുകയും ചെലവിനു പോലും വകയില്ലാതെ ബുദ്ധിമുട്ടിലാവുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ശേഖര്‍, ഖാദര്‍ ഗുഡു, സെല്‍വന്‍, ഗണേഷ്, രാജസ്ഥാന്‍ സ്വദേശികളായ മുഹ്യുദ്ദീന്‍ ഖാന്‍, നിസാമുദ്ദീന്‍, ഷെയ്ഖ് ഹക്കിം, ഗുജറാത്ത് സ്വദേശികളായ അബ്ദുല്‍ കരീം, മുഹമ്മദ് ഇദ്രീസ്, മഹാരാഷ്ട്ര സ്വദേശിയായ ശറഫാത് റുമാനി, ബിഹാര്‍ സ്വദേശികളായ ജമാലുദ്ദീന്‍, ഇംതിയാസ്, നേപ്പാളിയായ പുമ ബഹദൂര്‍ എന്നിവരാണ് ദുരിതത്തില്‍ കഴിയുന്നത്.
ഈ തൊഴിലാളികള്‍ക്കാകട്ടെ ദൈനം ദിന ചെലവുകള്‍ക്ക് പോലും നിവൃത്തിയില്ലാതെയും രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ പോലുമാവാതെ ബുദ്ധിമുട്ടില്‍ കഴിയുകയാണ്. താമസ സ്ഥലത്തിന് സമീപത്തെ കടകള്‍ക്ക് അരിയും മറ്റു സാധനങ്ങളും വാങ്ങിയ ഇനത്തില്‍ ഭീമമായ തുക നല്‍കാനുണ്ട്. കടം നിലനില്‍ക്കുന്നതിനാല്‍ പല കടക്കാരും സാധനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുമില്ല.
കഴിഞ്ഞ കുറെ നാളുകളായി മലയാളികളടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഭക്ഷണം കഴിക്കുന്നത്. കമ്പനി അധികൃതരെ ശമ്പളത്തിനായി സമീപിക്കുമ്പോള്‍ കുറച്ചു കൂടി കാത്തിരിക്കാനാണ് പറയുന്നത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ക്ഷമ നശിച്ച ഇക്കൂട്ടര്‍ അബ്‌ഖൈഖ് ലേബലര്‍ കോടതിയില്‍ പരാതി നല്‍കുകയും കീഴ്‌കോടതി അവിടെ നിന്നും ദമാം ലേബര്‍ കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കേസ് നീണ്ടുപോകുന്നതില്‍ ഏറെ പ്രയാസത്തിലായ ഇവര്‍ ഇന്ത്യന്‍ എംബസിയെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ഏറെ കാലം എല്ല് മുറിയെ പണിയെടുത്തു കമ്പനിയെ തൊഴിലാളികള്‍ ഉയരങ്ങളിലേക്ക് എത്തിച്ചെങ്കിലും രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കമ്പനി അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. കമ്പനിയുടെ മറ്റു പ്രോജക്ടുകളില്‍ ഇരുനൂറോളം ആളുകള്‍ ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്തായി അവിടെയും പ്രശ്‌നങ്ങള്‍ തുടങ്ങിയതായി തൊഴിലാളികള്‍ പറയുന്നു.