നിലമ്പൂര്‍- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍വകക്ഷിയോഗത്തില്‍ പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ പി.വി.അന്‍വര്‍ എം.എല്‍.എ വിതുമ്പി. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തിപരമായ നിലയില്‍ പത്തുലക്ഷം രൂപ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. പ്രളയവും കെടുതിയുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരെ വിമര്‍ശം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സഹായ പ്രഖ്യാപനം. എം.എല്‍.എ വിതുമ്പുന്ന വിഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം പ്രസംഗം തുടരാനാകാതെ വിതമ്പിയത്.
ഈ പ്രയാസങ്ങള്‍ കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി നേരില്‍ കാണുകയാണ്. എന്തുചെയ്യണം എന്തുപറയണമെന്ന് അറിയില്ല. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ കാണാന്‍ കഴിയില്ല. ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എം.എല്‍.എ എന്നനിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്- അദ്ദേഹം പറഞ്ഞു.
വേദിയില്‍ വിങ്ങിപ്പൊട്ടിയ അദ്ദേഹം തന്റെ സഹായം പ്രഖ്യാപിക്കുകയായിരുന്നു. സഹായം അഭ്യര്‍ഥിച്ച് നിങ്ങളോടൊപ്പം ഒരു സഹോദരനായി ഉണ്ടാകുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.