കോട്ടയം - പ്രളയം കനത്ത നാശം വിതച്ചതിന്റെ വാർഷിക ദിനത്തിൽ മലയോര മേഖലയിൽ മഴദിനമായിരുന്നു. എയ്ഞ്ചൽവാലി, ഇടകടത്തി മേഖലയിൽ നാശം വിതച്ച പ്രളയം ഒരു വർഷം പിന്നിട്ട ദിവസം മലവെള്ളപ്പാച്ചിലായിരുന്നു. നദികളിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ രണ്ടു ദിവസമായുളള ശക്തമായ മഴയാണ് പ്രദേശവാസികളെ ആശങ്കാകുലരാക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 14 മുതൽ തുടർച്ചയായി മഴ പെയ്തതോടെ അഞ്ചു ദിവസം പ്രദേശവാസികൾ ദുരിതക്കയത്തിലായിരുന്നു. കഴിഞ്ഞ 14നു രാത്രി എട്ടരയോടെ വെള്ളം കുതിച്ചെത്തുന്നതു കണ്ടു കുട്ടികളെയുമെടുത്ത് ഓടിമാറിയതോടെയാണു പലർക്കും ജീവൻ തിരിച്ചു കിട്ടിയത്. മലയോര മേഖലയിലെ കർഷക ജനതയുടെ സമ്പാദ്യമെല്ലാം കവർന്നെടുത്താണു പ്രളയം കടന്നു പോയത്.
നഷ്ടപ്പെടലിന്റെ വേദനകൾക്കൊപ്പം സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചെത്തുന്നതിനുള്ള അധ്വാനത്തിനിടെയാണു വീണ്ടും ഭീതി വിതച്ചു മഴയെത്തിയത്. കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയിൽ മൂക്കൻപെട്ടി കോസ്‌വേയുടെ കൈവരികളും സംരക്ഷണ ഭിത്തികളും ഒലിച്ചു പോയിരുന്നു.
കോസ്‌വേയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കിടയിലാണു കൈവരികൾ ഒലിച്ചു പോയത്.
കഴിഞ്ഞ പ്രളയത്തിൽ കോരുത്തോടിനെയും മൂഴിക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴുതയാറ്റിലെ തോപ്പിൽകടവു പാലം പൂർണമായും തകർന്നിരുന്നു. പുതിയ പാലം നിർമിക്കാത്തതു മൂലം യാത്രാ ദുരിതം അനുഭവിക്കുന്ന മൂഴിക്കൽ മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾ മഴ ശക്തമായപ്പോൾ വീണ്ടും ഒറ്റപ്പെട്ടു. ഇടകടത്തി അറിയാഞ്ഞിലിമൺ കോസ്‌വേയുടെ കൈവരികളും തകർന്ന തൂക്കുപാലവും വാട്ടർ ടാങ്കും പുനർനിർമിച്ചിട്ടില്ല. ഏയ്ഞ്ചൽവാലി, ഇടകടത്തി എന്നിവിടങ്ങളിൽ നിരവധിയാളുകളുടെ വീടുകൾ പ്രളയത്തിൽ ഒലിച്ചു പോയിരുന്നു.
കഴിഞ്ഞ വർഷം കണമല, തുലാപ്പള്ളി, ഏയ്ഞ്ചൽവാലി, മൂക്കൻപെട്ടി, മൂലക്കയം, ഇടകടത്തി, മേഖലകളിലാണു വെള്ളപ്പൊക്കം ദുരിതം വിതച്ചത്. കണമലയിൽ പത്തോളം വീടുകളും, ഇടകടത്തിയിൽ ആറു വീടുകളും, മൂലക്കയത്ത് എട്ടോളം വീടുകളുമാണു പൂർണമായും വെള്ളത്തിനടിയിലായത്. കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ പട്ടിമറ്റത്ത് സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്ന ഭാഗം ഇതുവരെയും പുനനിർമിച്ചിട്ടില്ല.