തിരുവനന്തപുരം - കഴിഞ്ഞ പ്രളയകാലത്തെ അതിജീവിക്കാൻ കേരള ജനത കാണിച്ച നിശ്ചയദാർഢ്യം ഇപ്പോഴത്തെ വിഷമാവസ്ഥകളിൽ നിന്ന് കയറുന്നതിനും കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
കഴിഞ്ഞ വർഷം ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ള ഒരുമയോടെ നമ്മൾ സഹജാതരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അത് വലിയൊരളവോളം ഫലം കാണുകയും ചെയ്തു. വേർതിരിവുകൾക്കതീതമായ ഐക്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. ഇപ്പോൾ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അതേതുടർന്ന് ഉണ്ടാവേണ്ട പുനർനിർമാണ പ്രക്രിയക്കും ആത്മാർഥമായി പുനരർപ്പിച്ചു കൊണ്ടാവട്ടെ ഈ സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്ക കെടുതികൾ തന്നെയായിരുന്നു സർക്കാരിന് ഏറ്റവും വലിയ വിഭവ പരിമിതിയുണ്ടാക്കിയ പ്രതികൂല ഘടകം. എന്നാൽ ജനങ്ങൾക്ക് അടിയന്തര ആശ്വാസം എത്തിക്കുന്ന കാര്യത്തിൽ വിജയിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറയിലെ മുസ്‌ലിം പള്ളി ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനായി സ്ഥലം വിട്ടുനൽകിയത് മാതൃകാപരമായ നടപടിയാണൈന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ഭരണഘടനയുടെ തന്നെ ജീവസത്തയാണ് ഫെഡറൽ സ്പിരിറ്റ്. പല വിധത്തിലും വൈവിധ്യം നിലനിൽക്കുന്ന ഈ രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തുന്ന പ്രധാന ഘടകം വൈവിധ്യത്തെ അംഗീകരിക്കുന്ന ഈ ഫെഡറൽ സത്തയാണ്. വൈവിധ്യത്തെ ഏകശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വെക്കാൻ ശ്രമങ്ങൾ ഉണ്ടായാൽ അതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാവുകയുള്ളൂ. സംസ്ഥാനങ്ങൾക്ക് സവിശേഷമായ അവകാശങ്ങളും അധികാരങ്ങളുമുള്ള രാജ്യമാണ് നമ്മുടേത്. സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾക്കു നേർക്ക് കടന്നുകയറ്റമുണ്ടായാൽ അതും ഭരണഘടനയുടെ പൊതുവിലും ഫെഡറൽ ഘടനയുടെ പ്രത്യേകിച്ചും സത്തക്ക് എതിരാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നമ്മുടെ മുമ്പിൽ ത്യാഗത്തിന്റെ മഹത്വപൂർണമായ ഒരു മാതൃകയുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്ന ഘട്ടത്തിൽ പോലും അതിന്റെ വർണപ്പൊലിമയിൽ നിന്ന് അകന്ന് ചേരികളിലേക്ക് നടന്ന് നിസ്വരിൽ നിസ്വരായവർക്കൊപ്പം കഴിഞ്ഞ മഹാത്മാ ഗാന്ധിയുടേതാണ് ആ മാതൃക. രാഷ്ട്രപിതാവിന് സ്വതന്ത്ര ഇന്ത്യയിൽ അധികകാലം ജീവിക്കാൻ കഴിഞ്ഞില്ല. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് അദ്ദേഹത്തിന് തന്റെ ജീവൻ തന്നെ ബലികഴിക്കേണ്ടതായി വന്നു. മതനിരപേക്ഷ മൂല്യങ്ങളെ തല്ലിക്കെടുത്തുന്ന ഇരുട്ടിന്റെ ശക്തികളെ ചെറുത്തു കൊണ്ടല്ലാതെ ആ സ്മരണ നമുക്ക് പുതുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. വ്യോമസേനയുടെ ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി വിവിധ മെഡലുകൾ വിതരണം ചെയ്തു. പരേഡിനു ശേഷം എൻസി.സി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങൾ അരങ്ങേറി. വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു.