അബുദാബി- രാജ്യാന്തര വിപണിയില്‍ ഒരു യു.എ.ഇ ദിര്‍ഹത്തിന് 19 രൂപ 49 പൈസയായി. ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഗള്‍ഫ് പ്രവാസികള്‍ക്കാണ് നേട്ടമുണ്ടായത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ ഒരു യുഎഇ ദിര്‍ഹത്തിന് 19 രൂപ 49 പൈസ ലഭിച്ചിരുന്നു. 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 51 ദിര്‍ഹം 34 ഫില്‍സ് നല്‍കിയാല്‍ മതി. ദിര്‍ഹത്തിന് 20 രൂപയിലേക്കെത്തുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
5134.17 ദിര്‍ഹം നല്‍കിയാല്‍ ഒരു ലക്ഷം ഇന്ത്യന്‍ രൂപ ലഭിക്കും. ഒരു സൗദി റിയാലിന് 19.06 രൂപ, ഖത്തര്‍ റിയാലിന് 19.64, ബഹ്‌റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76, കുവൈത്ത് ദിനാറിന് 235.12 രൂപ എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച രാജ്യാന്തര വിപണി നിരക്ക്. പ്രാദേശിക എക്‌സ്‌ചേഞ്ചുകളില്‍ ചെറിയ വ്യത്യാസമുണ്ടാകും. സമീപ കാലത്ത് കിട്ടിയ മികച്ച നിരക്കുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. യു.എ.ഇയിലെ വിവിധ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ഒരു ദിര്‍ഹത്തിന് 19.39 പൈസയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ഈ മാസം തുടക്കത്തില്‍ തന്നെ രൂപ 19 കടന്നതോടെ പ്രവാസികള്‍ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു.
കേരളത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അയയ്ക്കുന്നവര്‍ക്കും കൂടുതല്‍ തുക നാട്ടില്‍ ലഭിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.