അബുദാബി- വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രൌഢഗംഭീരമായ സ്വാതന്ത്ര്യദിനാഘോഷം. പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ് ആഘോഷ ചടങ്ങുകള്‍ അരങ്ങേറിയത്. ചര്‍ച്ചകളും സെമിനാറുകളും രക്തദാന ക്യാമ്പുമൊക്കെയായി പ്രവാസി സംഘടനകളുടെ ആഘോഷം വാരാന്ത്യത്തില്‍ അരങ്ങേറും.
ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നടന്ന പരിപാടികളില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര്‍ പങ്കെടുത്തു.
അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവ് ദീപ് സിംഗ് സുരിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുലും ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യയോടുള്ള ആദരസൂചകമായി ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ന് രാത്രി തിവര്‍ണമണിയുമെന്ന് നവ് ദീപ് സിങ് സുരി പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധവും സൗഹൃദവും പൂര്‍വാധികം ശക്തിയിലാണ്. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന കലാപരിപാടികളും അരങ്ങേറി. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, കല്‍ബ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ നടന്നു.
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലും ജിദ്ദയിലും സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. റിയാദില്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദും ജിദ്ദയില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്്മാന്‍ ശൈഖും നേതൃത്വം നല്‍കി.
ഗള്‍ഫിലെ മറ്റെല്ലാ എംബസി, കോണ്‍സുലേറ്റുകളിലും സ്ഥാനപതിമാരും കോണ്‍സല്‍ ജനറലുമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.