എടക്കര- ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽനിന്ന് ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഇവിടെനിന്ന് 32 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഒരു പുരുഷന്റെയും മൂന്ന് പെൺകുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കിട്ടിയത്. സൂത്രത്തിൽ നാരായണന്റെ മകൾ ഭവ്യ (22), പ്ലാത്തോടൻ വീട്ടിൽ മഞ്ഞിയുടെ ഭാര്യ ചക്കി (50), മുണ്ടേരി നീർപുഴ മുക്കം കോളനിയിലെ പിലാത്തോടൻ മന്നിയുടെ മകൾ സ്വാതി (നാല്), വാളകത്ത് വീട്ടിൽ പാലന്റെ ഭാര്യ കല്യാണി (52), മകൻ വിജേഷ് (39), മകൾ വിജയലക്ഷ്മി (13), വിജേഷിന്റെ മകൾ വിഷ്ണുപ്രിയ എന്നിരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉച്ചക്ക് മുമ്പു തന്നെ ഏഴ് മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. തെരച്ചിൽ നടക്കുന്ന പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്തതിനാൽ കുന്നിന് മുകളിലുള്ള തെരച്ചിൽ അൽപസമയം നിർത്തിവെക്കേണ്ടിവന്നു. പിന്നീട് മഴ കുറഞ്ഞതിന് ശേഷമാണ് തെരച്ചിൽ പുനരാരംഭിച്ചത്. പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങളാണ് തെരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ചില യന്ത്രങ്ങൾക്ക് തകരാർ നേരിട്ടതിനെത്തുടർന്ന് പുതിയ യന്ത്രങ്ങൾ എത്തിച്ചിരുന്നു. നാടുകാണിച്ചുരത്തിൽ നിർമാണ പ്രവൃത്തികൾ നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നാല് യന്ത്രങ്ങളും ചൊവ്വാഴ്ച ഉപയോഗപ്പെടുത്തി. മുത്തപ്പൻ മലയിൽ കോടമഞ്ഞ് മൂടിയതിനാൽ വൈകിട്ട് ആറരയോടെ തിരച്ചിൽ അവസാനിപ്പിച്ചു. കണ്ടെടുത്ത മൃതദേഹങ്ങൾ പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദീൻ പള്ളിയിൽ കഴുകി വൃത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ഇവിടെ തെരച്ചിൽ തുടരുകയാണ