മേപ്പാടി - സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പ്ൾസ് ഫൗണ്ടേഷൻ പത്ത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.
വയനാട് പുത്തുമലയിലെ ദുരന്ത ബാധിത മേഖല സന്ദർശിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. സർക്കാറുമായും വിവിധ സന്നദ്ധ സംഘടനകളുമായും ചേർന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.
ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി, പുതിയ വീടുകളുടെ നിർമാണം, സ്വയം തൊഴിൽ പദ്ധതി, തൊഴിലുപകരണങ്ങളുടെ വിതരണം, വളർത്തു മൃഗങ്ങളെ നൽകൽ, സംരഭകത്വ സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാവും. ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണം ശാസ്ത്രീയമായി കണ്ടെത്തി സാധ്യമാകുന്ന പരിഹാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ ദുരിതമേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളും അബ്ദുൽ അസീസ് സന്ദർശിച്ചു.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജന:സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ.മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ, അസിസ്റ്റന്റ് സെക്രട്ടറി കെ.സാദിഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ബിനാസ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ്, സെക്രട്ടറി സമീർ. സി.കെ, വൈസ് പ്രസിഡന്റ് കെ.നവാസ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.