Sorry, you need to enable JavaScript to visit this website.

അടിയന്തര സഹായമായി 25,000 രൂപ നൽകണം -വെൽഫെയർ പാർട്ടി

പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദുരന്തമുണ്ടായ പുത്തുമലയിൽ സന്ദർശനം നടത്തുന്നു.

തിരുവനന്തപുരം- വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് അടിയന്തര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അപര്യാപ്തമെന്നും അടിയന്തര സഹായമായി 25,000 രൂപയെങ്കിലും നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സഹായ ധനം ഈ ആഴ്ചതന്നെ വിതരണം ചെയ്യണം. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ അടിയന്തര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ മാസങ്ങൾക്ക് ശേഷമാണ് പലർക്കും ലഭിച്ചത്. നിരവധി പേർക്ക് ലഭിക്കാതെ പോവുകയും ചെയ്തു. അത്തരം കെടുകാര്യസ്ഥതകൾ ആവർത്തിക്കാതെ തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ലിസ്റ്റ് തയ്യാറാക്കി വേഗത്തിൽ വിതരണം നടത്തണം. വീട് നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച 4 ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച 10 ലക്ഷവും അപര്യാപ്തമാണ്. ഇവ യഥാക്രമം 10 ലക്ഷവും 25 ലക്ഷവുമായി ഉയർത്തണം.
വ്യാപാരികളുടെ നഷ്ടം കണ്ടെത്താനും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളേയും സന്നദ്ധ സംഘടനകളേയും ചുമതലപ്പെടുത്തണം. പ്രളയബാധിത പ്രദേശങ്ങളല്ലാത്തിടങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായവർക്കും സമാന നഷ്ടപരിഹാരം നൽകണം. ഈ സാഹചര്യത്തിൽ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണാനാത്മകമായ സമീപനം പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ കേരളത്തെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് പുനർനിർമാണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഇതിനായി കേരളത്തിൽ നിന്നുള്ള രാജ്യസഭാ - ലോക്‌സഭാ അംഗങ്ങൾ സംയുക്തമായി സമ്മർദം നടത്തണം. ഈ ആവശ്യത്തിനായി കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയ ദുരന്ത ബാധിത മേഖലകളിൽ ടീം വെൽഫെയറിനു കീഴിൽ നൂറുകണക്കിന് പ്രവർത്തകർ വളണ്ടിയർ സേവനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 13, 14, 15 തീയതികൾ ജനകീയ ശുചീകരണ ദിനങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കളാണ് നേരിട്ട് നേതൃത്വം നൽകുന്നത്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽനിന്നുമുള്ള വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് പ്രവർത്തകരുടെ പങ്കാളിത്തവും ഇതിനുണ്ട്. 
കവളപ്പാറ, പുത്തിമല, പാതാർ തുടങ്ങിയ ദുരന്ത ഭൂമികളിലും ദുരന്തത്തിനിരയായ കുടുംബങ്ങളുടെ ബന്ധുക്കളേയും പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജനറൽ സെക്രട്ടറി കെ.എ.ഷഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ് വിവിധ ജില്ലാ നേതാക്കൾ എന്നിവർ സന്ദർശിച്ചു. 

 

Latest News