Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ എണ്ണം കൂടിയിട്ടും പരാതികള്‍ കുറഞ്ഞുവെന്ന് ഇന്ത്യന്‍ ഹജ് മിഷന്‍

ഇന്ത്യന്‍ ഹജ് സൗഹൃദ സംഘാംഗങ്ങളും ഇന്ത്യന്‍ ഹജ് മിഷന്‍ അധികൃതരും മക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍

മക്ക- ഇതാദ്യമായി രണ്ടു ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ് നിര്‍വഹിക്കാന്‍ ഇന്ത്യയില്‍നിന്നുമെത്തിയെങ്കിലും എല്ലാ നിലയിലും മുന്‍ വര്‍ഷങ്ങളെ  അപേക്ഷിച്ച് കാര്യങ്ങള്‍ സുഗമമായിരുന്നുവെന്ന് ഇന്ത്യന്‍ ഹജ് സൗഹൃദ സംഘാംഗങ്ങളും ഹജ് മിഷന്‍ അധികൃതരും പറഞ്ഞു. മരണ നിരക്കിലും അപകടങ്ങളിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. പരാതികളും കുറവായിരുന്നു. സൗദി അധികൃതരുടെ അകമഴിഞ്ഞ സഹകരണവും ഹജ് മിഷനു കീഴിലില്‍  ഡ്യൂട്ടിക്കായി എത്തിയവരുടെ ആത്മാര്‍ഥ സേവനം കൊണ്ടും ഹാജിമാര്‍ക്ക് ആയാസരഹിതമായും സുഗമമായും ഹജ് നിര്‍വഹിക്കാന്‍ കഴിഞ്ഞതായി മക്കയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ഹജ് സൗഹൃദ സംഘത്തലവന്‍ ആര്‍ക്കോട്ട് നവാബ് മൂഹമ്മദ് അബ്ദുല്‍ അലി, ഡപ്യൂട്ടി ലീഡര്‍ എന്‍.സി.എം ചെയര്‍മാന്‍ സെയ്ദ് ഖൈറുല്‍ ഹസന്‍ റിസ്‌വി, അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹജ് കമ്മിറ്റിക്കു കീഴിലെ 1,40,000 തീര്‍ഥാടകരില്‍ 2,229 പേര്‍ മഹറമില്ലാതെയാണ് എത്തിയത്. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള ഹാജിമാരുടെ യാത്ര വളരെ സുഗമമായിരുന്നു. മിനായിലും അറഫയിലുമായി 11 തീര്‍ഥാടകര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 21 ആയിരുന്നു. ഇതുവരെ മൊത്തം 52 പേരാണ് മരിച്ചത്. ഇതില്‍ എട്ടുപേര്‍ സ്വകാര്യ ഗ്രൂപ്പുകളിലെത്തിയവരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മരണ സംഖ്യ കുറവാണ്. കഴിഞ്ഞ വര്‍ഷം മൊത്തം 187 പേര്‍ മരിച്ചതില്‍ 73 പേര്‍ ഈ കാലയളവിലായിരുന്നു മരിച്ചത്. ജനന നിരക്കും കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം 10 തീര്‍ഥാടകര്‍ പ്രസവിച്ചിരുന്നുവെങ്കില്‍ ഇക്കുറി അത് രണ്ടായി കുറഞ്ഞു.
101 വയസ്സുള്ള പഞ്ചാബില്‍ നിന്നുള്ള അത്താര്‍ ബീബി ഉള്‍പ്പെടെ 90 വയസ്സിനു മുകളിലുളള 45 പേരുണ്ടായിരുന്നുവെങ്കിലും അവരെല്ലാം യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലാതെ ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയതായി അവര്‍ പറഞ്ഞു.
71,846 തീര്‍ഥാടകര്‍ക്ക് ബലി അര്‍പ്പിക്കുന്നതിനുള്ള കൂപ്പണുകള്‍ വിതരണം ചെയ്തു. 74,000 പേര്‍ മശാഇര്‍ മെട്രോ ട്രെയന്‍ സൗകര്യവും ലഭ്യമാക്കി. ശക്തമായ ചൂട് ആശങ്ക ഉയര്‍ത്തിയിരുന്നുവെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചികിത്സ തേടിയെത്തിയവരുടെ എണ്ണം കുറവായിരുന്നു. ഹാജിമാരുടെ ചികിത്സക്കായി ഇന്ത്യയില്‍നിന്ന് 3.5 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും കൊണ്ടു വന്നു. രണ്ട് മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കു പുറമെ 168 ഡോക്ടര്‍മാര്‍ ഹാജിമാരുടെ പരിചരണത്തിനുണ്ടായിരുന്നു. ഇതില്‍ 37 പേര്‍ വനിതാ ഡോക്ടര്‍മാരായിരുന്നു. 181 പാരാ മെഡിക്കല്‍ സ്റ്റാഫും ഇവരെ സഹായിക്കാനുണ്ടായിരുന്നു. അറഫാ ദിനനത്തില്‍ 55 രോഗികളെ ആംബുലന്‍സില്‍ അറഫയിലെത്തിച്ചിരുന്നു. ഇന്ത്യന്‍ ഹജ് മിഷന്‍ ആശുപത്രിയില്‍ 893 പേരെയും സൗദി ആരോഗ്യ മന്ത്രാലയ ആശുപത്രികളില്‍ 365 ഹാജിമാരെയും കിടത്തി ചികിത്സിച്ചു.  
ഡപ്യൂട്ടേഷനില്‍ 620 ഉദ്യോഗസ്ഥരാണ് ഹജ് ഡ്യൂട്ടിക്ക് ഇന്ത്യയില്‍നിന്നുമെത്തിയത്. ഇതില്‍ നാല് കോര്‍ഡിനേറ്റര്‍മാരും 62 ഹജ് അസിസ്റ്റന്റ് ഓഫീസര്‍മാരും 203 ഹജ് അസിസ്റ്റന്റ്മാരും ഉള്‍പ്പെടും. ഹാജിമാരുടെ താമസത്തിന് 459 കെട്ടിടങ്ങളാണ് വാടകക്കെടുത്തിരുന്നത്. നോ കുക്കിംഗ് നോ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സോണില്‍ 15,772 തീര്‍ഥാടകരും അസീസിയ കാറ്റഗറിയില്‍ 1,21,909 തീര്‍ഥാടകരുമാണ് താമസിച്ചത്. അഞ്ചു റുബയാത്തുകളിലായി 2,319 ഹാജിമാര്‍ക്കും താമസ സൗകര്യമൊരുക്കി. ഹറമിനു സമീപം നോ കുക്കിംഗ് നോ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സോണില്‍ താമസിച്ചിരുന്ന ഹാജിമാരുടെ വാടക 4,500 റിയാല്‍ വീതവും അസീസിയ കാറ്റഗറിക്കാരുടെ വാടക 2,250 റിയാലുമായിരുന്നു. മദീനയില്‍ 60 ശതമാനം ഹാജിമാര്‍ക്കും ഹറമിനു സമീപം മര്‍കസിയ ഏരിയയിലാണ് താമസം നല്‍കിയത്. ഇന്ത്യയില്‍നിന്നുള്ള ഹാജിമാര്‍ 507 വിമാനങ്ങളിലാണ് എത്തിയത്. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. 77,343 ഹാജിമാര്‍ ജിദ്ദയിലും 62,528 ഹാജിമാര്‍ മദീനയിലുമാണ് എത്തിയത്.
ജിദ്ദയില്‍നിന്നുള്ള ആദ്യ മടക്ക വിമാനം ഓഗസ്റ്റ് 17 ന് 150 ഹാജിമാരുമായി ഗയയിലേക്ക് പോകും. ജിദ്ദയില്‍നിന്നുള്ള അവസാന വിമാനം കോഴിക്കോട്ടേക്ക് സെപ്റ്റംബര്‍ രണ്ടിനാണ്. മദീനയില്‍നിന്നുള്ള വിമാനങ്ങളുടെ മടക്ക യാത്ര ആരംഭിക്കുന്നത് ഓഗസ്റ്റ് 28 ന് ആണ്. ലഖ്‌നോയിലേക്കാണ് ആദ്യ വിമാനം. അവാസാന വിമാനം ഹൈദരാബാദിലേക്ക് സെപ്റ്റംബര്‍ 15 ന് ആയിരിക്കുമെന്നും അവര്‍ അറിയിച്ചു.
ഹജ് കോണ്‍സല്‍ വൈ.സാബിര്‍, സാമൂഹ്യ ക്ഷേമ കോണ്‍സല്‍ മോയിന്‍ അക്തര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


 

 

Latest News