മക്ക - ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ പരിക്കേറ്റ ബാലിക അലൻ വസീമിന് സൗദിയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നീക്കം. ബാലികയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്നതിന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു. ബാലികയുടെ പിതാവ് വസീം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥിയായി ഹജിനെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ വസീമിനും പരിക്കേറ്റിരുന്നു.
ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദിൽ പിതാവിനൊപ്പം ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയൻ ഭീകരൻ നടത്തിയ ആക്രമണത്തിൽ പിതാവിനൊപ്പം അലനും പരിക്കേറ്റത്. മകളുടെ വിദഗ്ധ ചികിത്സക്ക് പിതാവ് വസീം സൗദി അറേബ്യയുടെ സഹായം തേടിയിരുന്നു. തന്റെ അപേക്ഷ സൗദി ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ വസീം പ്രാദേശിക മാധ്യമ പ്രവർത്തകന്റെ സഹായവും തേടിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടാണ് ബാലികക്ക് സൗദിയിൽ ചികിത്സ ലഭ്യമാക്കുന്നതിനു മുന്നോടിയായി തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചത്.
മാർച്ച് 15 ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ആകെ 51 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 42 പേരും അൽനൂർ മസ്ജിദിലാണ് വീരമൃത്യു വരിച്ചത്. ഏഴു പേർ ലിൻവുഡ് ഇസ്‌ലാമിക് സെന്ററിലും പരിക്കേറ്റ രണ്ടു പേർ പിന്നീട് ക്രൈസ്റ്റ്ചർച്ച് ആശുപത്രിയിലുമാണ് മരിച്ചത്. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അടക്കം ആകെ 200 പേരാണ് സൽമാൻ രാജാവിന്റെ അതിഥികളായി ഹജിനെത്തിയിരിക്കുന്നത്. ഈ വർഷം 79 രാജ്യങ്ങളിൽ നിന്നുള്ള 6500 പേർ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജിനെത്തിയിട്ടുണ്ട്.